മംഗളൂരു: റോ ഓഫീസറായും കേരള പോലീസായും കൃഷി വകുപ്പ് ഉദ്യോഗസ്ഥനായും ചമഞ്ഞു തട്ടിപ്പുനടത്തിയ മലയാളി വിദ്യാർഥി പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കർണാടക പോലീസ്.
ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക്ട് സാബു (25) വാണ് മംഗളൂരുവിൽ പിടിയിലായത്.
മംഗളൂരുവിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ് ബെനഡിക്ട്. ആറു മാസം മുന്പാണ് ഇയാൾ കോളജിൽ അഡ്മിഷൻ നേടുന്നത്.
പ്രവേശനസമയത്തു താൻ കേരള അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനാണെന്നാണു പറഞ്ഞിരുന്നത്. ബോധ്യപ്പെടുത്താനായി വ്യാജ ഐഡി കാർഡും ഇയാൾ കോളജിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞദിവസം, മംഗളൂരു പോലീസ് കോളജിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബെനഡിക്ടിന്റെ തട്ടിപ്പു പുറത്തറിയുന്നത്.
ഇയാളുടെ മുറി പരിശോധിച്ച പോലീസ് ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയൽ കാർഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.