ശ്രീകണ്ഠപുരം: പോലീസ് സ്റ്റേഷനിലേക്ക് നിലവിളിച്ചു കൊണ്ട് ഓടിവന്ന 19 കാരിയായ നഴ്സിംഗ് വിദ്യാർഥിനിക്ക് ഒടുവിൽ പോലീസ് തുണയായി. ശ്രീകണ്ഠപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് നഴ്സിംഗ് പഠനത്തിന് പോകുകയായിരുന്ന വിദ്യാർഥിനിയുടെ 5500 രൂപ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം തളിപ്പറമ്പ്-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന വിമൽ ബസിലായിരുന്നു സംഭവം. ബസിലും വിദ്യാർഥിനി കയറിയ ബസ് സ്റ്റോപ്പിലുമെല്ലാം തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിൽ എഎസ്ഐമാരായ രാധാകൃഷ്ണൻ, പുരുഷോത്തമൻ, അക്ബർ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, പിആർഒ പ്രവീണ എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാർ തുക പിരിച്ചെടുത്ത് വിദ്യാർഥിനിക്ക് നൽകുകയും ബാംഗളൂരുവിലേക്ക് ബസ് കയറ്റിവിടുകയുമായിരുന്നു.