തിരുവനന്തപുരം: 22 ദിവസത്തെ ഉജ്ജ്വല സമരത്തിലൂടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നേടിയെടുത്തത് താത്കാലിക ആശ്വാസം മാത്രം. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം 20,000 രൂപയായി നിശ്ചയിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയ്ത്.
നഴ്സുമാർ ഉന്നയിച്ച മറ്റ് സുപ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ വീണ്ടും പരിശോധിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. 50ന് മേലെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളത്തിൽ വർധനവ്, നഴ്സുമാരുടെ ട്രെയിനിംഗ് കാലാവധി, സ്റ്റൈപ്പന്റ് വർധനവ് എന്നീ കാര്യങ്ങളിലൊന്നും തീരുമാനമായില്ല. ഇത് പഠിക്കുന്നതിനായി സെക്രട്ടറിതല സമിതിയെ നിയോഗിക്കുക മാത്രമാണ് സർക്കാർ ചെയ്തിരിക്കുന്നത്.
ലേബർ കമ്മിഷണർ, തൊഴിൽ-ആരോഗ്യ-നിയമ വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെട്ടതാണ് സമിതി. ഈ സമിതിയോട് ഒരു മാസത്തിലുള്ളിൽ റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശിപാർശ മിനിമം വേജസ് കമ്മിറ്റി പരിഗണിക്കുകയും വേതനകാര്യത്തിൽ തീരുമാനമെടുക്കുകയും ചെയ്യും.
സമരം ചെയ്ത നഴ്സുമാർക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ആശുപത്രി മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.