എടത്വ: ബാങ്കുകൾ വഴി വിദ്യാഭ്യാസ വായ്പ ലഭിക്കാനുള്ള കടന്പകൾ കടക്കാനാവാതെ സംസ്ഥാനത്തിന് അകത്തും പുറത്തും നഴ്സിംഗ് പഠനം തുടങ്ങിയ വിദ്യാർഥികൾ പെരുവഴിയിൽ. പ്ലസ്ടുവിനു ശേഷം നഴ്സിംഗ് പഠനം ആരംഭിച്ച വിദ്യാർഥികൾക്ക് വായ്പ ലഭിക്കാൻ ബാങ്കുകളിൽ കയറിയിറങ്ങിയ രക്ഷിതാക്കളോടാണ് അധികൃതരുടെ കടുംപിടുത്തം.
വ്യവസ്ഥ അനുസരിച്ച് വായ്പയ്ക്ക് ആനുപാതികമായി ബാങ്ക് ബാലൻസ് അപേക്ഷകരുടേയോ രക്ഷിതാവിന്റെയോ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ സർക്കാർ ജീവനക്കാരനോ മറ്റ് അക്കൗണ്ട് ഉടമകളോ ജാമ്യം നിൽക്കണം.
വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്ന ജാമ്യ രേഖകൾ നൽകണം, വായ്പ അനുവദിക്കുന്ന ദിവസം മുതൽ വായ്പ തുകയും പലിശയും മുടങ്ങാതെ അടച്ചുതുടങ്ങണം തുടങ്ങി നിരവധി വ്യവസ്ഥകളാണ് ബാങ്ക് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്.
60 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് വായ്പ നൽകണമെന്ന് വ്യവസ്ഥ നിലനിൽക്കേ ബാങ്ക് അധികൃതർ രക്ഷിതാക്കളുടെ ആവശ്യം നിരാകരിക്കുന്നതായാണ് പരാതി.സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നിരവധി വിദ്യാർഥികൾ ഇതിനോടകം നഴ്സിംഗ് പഠനം ആരംഭിച്ചെങ്കിലും ബാങ്കുകൾ വായ്പ നിഷേധിച്ചതോടെ സ്കൂൾ അധികൃതർ വിദ്യാർഥികളെ പഠിപ്പിക്കാൻ താല്പര്യപ്പെടുന്നില്ല. ചില വിദ്യാർഥികൾ ഇത്തരത്തിൽ പഠനം ഉപേക്ഷിച്ചു.ജനറൽ, ബിഎസ്സി നഴ്സിംഗ് പഠനം തുടങ്ങിയ വിദ്യാർഥികളുടെ ഭാവിയാണ് ഇതോടെ തുലാസിലായിരിക്കുകയാണ്.
ഒട്ടുമിക്ക നഴ്സിംഗ് സ്കൂളുകളും ആദ്യഗഡുവായി രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. പഠനം പൂർത്തിയാകുന്പോൾ ആറുലക്ഷം രൂപയ്ക്കു മുകളിൽ ചെലവാകും. നിർധന കുടുംബത്തിലെ കുട്ടികളാണ് അധികവും നഴ്സിംഗ് പഠനത്തിന് എത്തിയിട്ടുള്ളത്. പ്രാരാബ്ദങ്ങളുടെ നടുവിൽ സ്വന്തമായി പണം മുടക്കി പഠനം കൊണ്ടുപോകാൻ കഴിയാതെ തുടക്കത്തിലേ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് പല വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും.
കഴിഞ്ഞ ദിവസം കേളമംഗലം സ്വദേശിയായ വീട്ടമ്മ എടത്വ, തകഴി, പച്ച തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ബാങ്കുകളിൽ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ കയറിയിറങ്ങിയെങ്കിലും ബാങ്ക് അധികൃതരുടെ നിബന്ധന കേട്ട് തിരികെ ഇറങ്ങേണ്ടി വന്നു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകുന്ന ബാങ്ക് നയം പുനഃപരിശോധിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.