കോൽക്കത്ത: ബംഗാളി താരവും തൃണമൂൽ കോണ്ഗ്രസ് എംപിയുമായ നസ്രത് ജഹാൻ ആശുപത്രി വിട്ടു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി 9.30ഓടെ ഇവരെ അപ്പോളോ ആശുപതിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ നസ്രത് ഡിസ്ചാർജ് ആയെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
അമിതമായി മരുന്നുകൾ കഴിച്ചതിനെ തുടർന്നാണ് എംപിയെ ആശുപത്രിയിലെത്തിച്ചതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെല്ലാം കുടുംബം തള്ളിയിരിക്കുകയാണ്. നസ്രത്തിന് ആസ്തമ പ്രശ്നങ്ങളുണ്ടെന്നും ഇതാണ് ആരോഗ്യനില മോശമാക്കിയതെന്നുമാണ് ബന്ധുക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ആസ്തമ രോഗിയായ ഇവർ ഇൻഹേലർ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ഇതിലും ഫലം കാണാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. “ചില വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ അറിയുന്നുണ്ട്. അതൊക്കെ നേരത്തെ തന്നെ നസ്രത്തിന്റെ കുടുംബാംഗങ്ങൾ നിഷേധിച്ചിട്ടുള്ളതുമാണ്’ – കുടുംബാംഗങ്ങൾ വിശദീകരിച്ചു.
ഞായറാഴ്ച രാത്രി മുതൽ തന്നെ നസ്രത്തിന്റെ ഭർത്താവ് നിഖിൽ ജയ്ൻ ആശുപത്രിയിലുണ്ടായിരുന്നു. ഞായറാഴ്ച ദന്പതികൾ ജയിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. നസ്രത് ജഹാൻ സമൂഹമാധ്യമങ്ങളിൽ ഭർത്താവിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.നസ്രത് ആശുപത്രിയിലായി എന്ന വാർത്ത പരന്നപ്പോൾത്തന്നെ മയക്കു മരുന്നിന്റെയോ, ഉറക്ക ഗുളികയുടെയോ അമിതോപയോഗം മൂലമുണ്ടായ അലർജി കാരണമാണ് നസ്രത് ചികിൽസ തേടിയത് എന്ന തരത്തിലുള്ള ആരോപണങ്ങൾ പ്രചരിച്ചിരുന്നു.
അതേസമയം അമിതമായി മരുന്നുകൾ ഉള്ളിൽച്ചെന്ന നിലയിലാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സൂചന ചില പോലീസ് വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്നുണ്ട്. ആശുപത്രി രേഖകളിൽ ഇക്കാര്യമുണ്ടെന്നാണ് റിപ്പോർട്ട്. ബാസിർഹാട്ടിൽ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന എംപിയാണ് നസ്രത് ജഹാൻ.