മതത്തിനും ജാതിയ്ക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത് ! എന്തു ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും; പ്രതികരണവുമായി നുസ്രത്ത് ജഹാന്‍…

തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയ പ്രമുഖ ബംഗാളി നടി നുസ്രത്ത് ജഹാനെതിരേ ഫത്‌വ. വിവാഹത്തിന്റെ പേരിലും സീമന്തരേഖയില്‍ സിന്ദൂരം അണിഞ്ഞ് പാര്‍ലമെന്റില്‍ എത്തുകയും ചെയ്തതിന്റെ പേരിലാണ് ഫത്‌വ. അതേസമയം താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നുസ്രത്ത് പ്രതികരിച്ചു.

താന്‍ മുസ്ലിം തന്നെയാണെന്നും അത് മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നില്ലെന്നും അവര്‍ പറഞ്ഞു. മതത്തിനും ജാതിക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ഞാന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാകില്ലെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞു. പാര്‍ലമെന്റിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നുസ്രത്ത് ധരിച്ച വേഷം സംബന്ധിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. മുസ്ലിം യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ ഇവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു.

ഏതെങ്കിലും മതത്തിലെ യാഥാസ്ഥിതികരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നത് വെറുപ്പും അക്രമവും വളര്‍ത്തുമെന്ന് നുസ്രത്ത് പറഞ്ഞു. ചരിത്രം അതിനു സാക്ഷ്യം പറയുമെന്നും സിനിമാതാരം കൂടിയായ അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമികാചാരത്തിനു വിരുദ്ധമായി സിന്ദൂരം തൊട്ടതിനും മുസ്ലിമല്ലാത്തയാളെ വിവാഹം കഴിച്ചതിനുമാണ് ഫത്‌വ. ബംഗാളിലെ ദിയോബന്ദിലുള്ള ഇസ്ലാമിക പുരോഹിതന്മാരാണ് ഫത്വ ഇറക്കിയിരിക്കുന്നത്.

Related posts