ധാക്ക: നസ്രത്ത് ജഹാന്‍ റാഫി ബംഗ്ലാദേശിന്റെ വേദനയാവുകയാണ്. അവള്‍ ബംഗ്ലാദേശികളുടെ നിര്‍ഭയയാണ്. പതിനായിരങ്ങളാണ് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങുന്നത്. മാര്‍ച്ച് 27നാണ് ബംഗ്ലാദേശിന്റെ ഹൃദയം പിളര്‍ത്തിയ കൊലപാതകം നടന്നത്. ധാക്കയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായിരുന്നു ഈ 19കാരി. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികള്‍ കൊന്നത്. അവളുടെ നിലവിളി കേള്‍ക്കാവുന്നത്ര അടുത്ത് സഹോദരന്‍ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികള്‍ അവളുടെ അടുത്തെത്താന്‍ അയാളെ അനുവദിച്ചില്ല.
ശരീരത്തിന്റെ 80 ശതമാനത്തോളം പൊള്ളലേറ്റ അവള്‍ക്ക് താന്‍ മരിക്കുമെന്ന് ഉറപ്പായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അവള്‍ മരണമൊഴി രേഖപ്പെടുത്തി. ‘എന്നെ പ്രധാന അദ്ധ്യാപകന്‍ ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാന്‍ പോരാടും’ മരണക്കിടക്കയിലും അനീതിയോടു യുദ്ധം പ്രഖ്യാപിച്ചായിരുന്നു ആ ധീരയായ പെണ്‍കുട്ടിയുടെ മടക്കം. എപ്രില്‍10നാണ് അവള്‍ മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട 15 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അദ്ധ്യാപകനു മേല്‍ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന ഉറപ്പാക്കുകയും ചെയ്തു.
താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനില്‍ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയില്‍ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തല്‍സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. ഫെനിയിലുള്ള മദ്രസയില്‍ പഠിച്ചിരുന്ന നസ്രത്തിനെ മാര്‍ച്ച് 27-ാം തീയതി പ്രധാന അദ്ധ്യാപകന്‍ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി. പിന്നെ പരാതിയുമായി എത്തി. മാതാപിതാക്കള്‍ക്കൊപ്പം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ കഥമാറി.
പോലീസ് ഒരു കുറ്റവാളിയോടു പെരുമാറുന്ന രീതിയിലായിരുന്നു നസ്രത്തിനെ ചോദ്യം ചെയ്തത്.ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകള്‍ മാറ്റാനും സൗന്ദര്യമുള്ള മുഖം പ്രദര്‍ശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ചില വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു.
സംഭവം വന്‍വിവാദത്തിനു തിരികൊളുത്തിയതോടെ നസ്രത്തിനെതിരേ കുടുംബത്തിലും എതിര്‍ശബ്ദം ഉയര്‍ന്നു. എപ്രില്‍ ആറിന് പരീക്ഷയെഴുതാനായി നസ്രത്ത് തിരിച്ചെത്തി. സുഹൃത്തിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ടെറസില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അവളെ വളഞ്ഞു. അധ്യാപകനെതിരേയുള്ള പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.
വഴങ്ങാതെ വന്നപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവന്‍ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലില്‍ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികള്‍ ഒരോരുത്തരായി പിടിയിലായി. ഏപ്രില്‍ 17ന് മുഖ്യപ്രതി അബ്ദൂര്‍ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേര്‍ന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തി. ഏപ്രില്‍ നാലിന് നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേര്‍ന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു. പ്രതികള്‍ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് ഇന്ന് തെരുവില്‍ ഇറങ്ങുന്നത്. ധീരതയുടെ പര്യായമായ നസ്രത്തിന്റെ ഘാതകരെ തൂക്കിലേറ്റും വരെ പ്രതിഷേധമെന്നാണ് സന്നദ്ധ സംഘടനകളുടെ നിലപാട്. മരണത്തിലൂടെ ബംഗ്ലാദേശിന്റെ നിര്‍ഭയയായി മാറുകയാണ് നസ്രത്ത്.