കോൽക്കത്ത: തൃണമൂൽ കോണ്ഗ്രസ് സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാനുള്ള പ്രവർത്തകരുടെ തിരക്കിൽ സ്റ്റേജ് തകർന്നു. പശ്ചിമ ബംഗാളിലെ ബാസിർഹട്ടിലെ തൃണമൂൽ സ്ഥാനാർഥിയും പ്രസിദ്ധ ബംഗാളി അഭിനേത്രിയുമായ നുസ്രത് ജഹാനൊപ്പം സെൽഫിയെടുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
ഗോപിബല്ലഭ്പൂരിൽ നുസ്രത് ജഹാൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. സ്റ്റേജ് അധികം ഉയരത്തിലായിരുന്നില്ല എന്നത് അപകടത്തിന്റെ കാഠിന്യം കുറച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുസ്രത് ജഹാൻ പ്രദേശത്തെ എംഎൽഎയുമായി സംസാരിക്കുന്നതും നിരവധിപേർ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടമുണ്ടായെങ്കിലും മനസാന്നിധ്യം കൈവിടാതെ നുസ്രത് ജഹാൻ മൈക്ക് എടുത്ത് ആർക്കും പരിക്കില്ലെന്നു വിളിച്ചു പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.