കോട്ടയം: ജാതിമരച്ചുവട്ടില്‍ അഴുകിനശിക്കുന്ന ജാതിത്തൊണ്ടിനെ രുചിയും ഔഷധഗുണവുമുള്ള മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങളാക്കി മാറ്റുകയാണ് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം. ചുവട്ടില്‍ ചീഞ്ഞഴുകുന്ന തൊണ്ടിന് ജാതിക്കുരുവും പത്രിയും പോലെ വാണിജ്യസാധ്യതകളുണ്ട്.
സ്ക്വാഷ്, സിറപ്പ്, ജെല്ലി, അച്ചാര്‍, സോസ്, മിഠായി, ക്രഷ്, വൈന്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഗവേഷണ കേന്ദ്രം വിപണിയിലെത്തിക്കുകയാണ്.സംസ്ഥാനത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കപ്പെടുന്ന മൂവായിരം ടണ്‍ ജാതിക്കയുടെ തോട് ഏറെയിടങ്ങളിലും പ്രാണികളുടെയും കൊതുകിന്റെയും അട്ടയുടെയും വളര്ത്തുകേന്ദ്രമാവുകയാണ് പതിവ്.
ഒപ്പം അഴുകി മണ്ണിന്റെ അമ്ലത വര്‍ധിക്കുകയും ചെയ്യുന്നു.തൊണ്ട് മാലിന്യമല്ല പണമാണെന്ന് തെളിയിക്കുകയാണ് കുമരകത്തെ ഉത്പന്നവൈവിധ്യം. കുമരകം കൃഷി വിജ്ഞാനകേന്ദ്രം ജാതിത്തൊണ്ടിന്റെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നുണ്ട്.
ജാതിത്തൊണ്ട് ഉണക്കിപ്പൊടിച്ച് തേയിലപ്പൊടിയുമായി കലർത്തി ചായ തയാറാക്കാം. പൈനാപ്പിളും ജാതിത്തൊണ്ടും ചേര്‍ത്ത് ജാമുണ്ടാക്കാം. ജാതിത്തൊണ്ട് കഴുകി ഡ്രയറില്‍ ഉണക്കിപ്പൊടിച്ച് മസാലക്കൂട്ടുകളിലും കറികളിലും പുഡ്ഡിംഗിലും കേക്കിലും രുചിവര്‍ധക വസ്തുവായും ഉപയോഗിക്കാം. വാളന്പുളിക്കു പകരമായി വറുത്തോ ഉണങ്ങിയോ ജാതിത്തൊണ്ടു ചേര്‍ത്ത് ചമ്മന്തിപ്പൊടി തയാറാക്കിയാല്‍ രുചിയും ഔഷധഗുണവുമേറെ.