കൊല്ലം: കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വ്യവസായത്തെ തകർക്കുന്ന കശുവണ്ടി പരിപ്പിന്റെ ഇറക്കുമതി വ്യാപാരം അനുവദിക്കുകയില്ലെന്ന് കശുവണ്ടി മേഖലയിലെ സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനമെടുത്തു. ഇറക്കുമതി പരിപ്പിന്റെ വിപണനം നിയന്ത്രിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കൂട്ടായി നിവേദനം സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
കാലിത്തീറ്റ ലേബലിൽ ഇറക്കുമതി ചെയ്യുന്ന പരിപ്പ് വില കുറച്ച് ആഭ്യന്തര മാർക്കറ്റിൽ വിറ്റഴിക്കുന്നത് വഴി കശുവണ്ടി പരിപ്പിന്റെ ആഭ്യന്തര വിപണി നഷ്ടപ്പെടുന്നു. ഇതിന് പുറമേ ഇവ നല്ല പരിപ്പുമായി കൂട്ടി കലർത്തി വീണ്ടും കയറ്റി അയക്കുന്നത് കയറ്റുമതിയേയും ബാധിക്കുന്നതായി യോഗം വിലയിരുത്തി.
കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുന്ന ഈ നടപടികൾക്കെതിരെ ശക്തമായ ചെറുത്തു നിൽപ്പ് നടത്താനും യോഗം തീരുമാനിച്ചു.സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അധ്യക്ഷനായി.
കേന്ദ്രട്രേഡ് യൂണിയൻ നേതാക്കളായ കരിങ്ങന്നൂർ മുരളി, ജി ലാലു, കെ ബി ശ്രീകുമാർ, ടി സി വിജയൻ, സവിൻ സത്യൻ, ബി സുജീന്ദ്രൻ, അയത്തിൽ സോമൻ, ഫസലുദീൻ ഹക്ക്, മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ജി ബാബു, സജി ഡി ആനന്ദ്, കാഞ്ഞിരവിള അജയകുമാർ എന്നിവർ പങ്കെടുത്തു.