കൊല്ലം :കശുവണ്ടി മേഖലയിലെ അഴിമതിയും സാന്പത്തിക തിരിമറിയും സംബന്ധിച്ച വ്യക്തമായ ചോദ്യങ്ങളിൽ നിന്നും മന്ത്രിയും സിപിഎം ഉം ഒളിച്ചോടുകയാണെന്ന് യുടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി പ്രസ്താവനയിൽ ആരോപിച്ചു.
മന്ത്രിയോട് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് മന്ത്രിയോ സിപിഎമ്മോ മറുപടി പറയാത്തതെന്തുകൊണ്ടാണ്. ആരോപണം നുണപ്രചരണമെന്ന് കാടടച്ച് വെടിവയ്ക്കുന്ന മന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് രേഖകൾ പുറത്തു വിടാനും തുറന്ന സംവാദത്തിനും തയാറാകുന്നില്ല.
കാഷ്വു ബോർഡിൽ ഇ-ടെണ്ടർ നടപ്പാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതും നുണപ്രചരണമാണോ എന്ന് മന്ത്രിയും സിപിഎമ്മും കൊല്ലം ജില്ലാ നേതൃത്വവും വ്യക്തമാക്കണം.
കശുവണ്ടി മേഖലയിലെ പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെങ്കിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിന് സിപിഎം തയ്യാറുണ്ടോ എന്നും വെളിപ്പെടുത്തണമെന്നും സുൽഫി ആവശ്യപ്പെട്ടു.