കൊല്ലം: തിരുപ്പതിയിലേക്ക് ഗുണ നിലവാരം കുറഞ്ഞതും 25 ശതമാനത്തോളം പിളർപ്പും പൊടിയും കലർന്ന കശുവണ്ടി കയറ്റി വിട്ടതിനു പിന്നിൽ ഗുരുതരമായ അഴിമതി ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വില്പനയ്ക്ക് സാധാരണ 10 ശതമാനം മാത്രം പിളർപ്പും പൊടികലർന്നതുമായ പരിപ്പ് അനുവദനീയമാണ് എന്നിരിക്കെ കാപ്പക്സ് കയറ്റി അയച്ചത് 25 ശതമാനം വരെയാണ്.
ഗുണനിലവാരമില്ലാത്തതും മുറിഞ്ഞതുമായ പരിപ്പ് കയറ്റി അയക്കുമ്പോൾ പകരം കാപ്പക്സിൽ സ്റ്റോക്ക് വരുന്ന ഗുണനിലവാരമുള്ള പരിപ്പ് തൽപരകക്ഷികൾക്ക് ഗുണനിലവാരം കുറഞ്ഞ പരിപ്പിന്റെ വിലയ്ക്ക് നൽകാൻ കഴിയും. ഇങ്ങനെ അധികം വരുന്ന ഗുണനിലവാരമുള്ള പരിപ്പ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് അഴിമതിക്ക് ഇടവരുത്തുന്നു.
കഴിഞ്ഞ കുറെ നാളുകളായി കാപെക്സിൽ കശുവണ്ടി വാങ്ങൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ചെയർമാനേയും എം.ഡി. യെയും മാറ്റിനിർത്തിക്കൊണ്ട് ക്രൈംബ്രാഞ്ച് വിജിലൻസ് ലെവലിൽ അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു.