പത്തനംതിട്ട: എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് അടഞ്ഞുകിടന്ന ഒരു കശുവണ്ടി ഫാക്ടറി പോലും തുറന്ന് തൊഴിൽ നൽകാനായിട്ടില്ലെന്ന് ഇന്ത്യൻ കശുവണ്ടി തൊഴിലാളി കോണ്ഗ്രസ് (ഐഎൻടിയുസി) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നാമമാത്രമായി പ്രവർത്തിച്ചിരുന്ന കശുവണ്ടി വികസന കോർപറേഷൻ – കാപ്പക്സ് ഫാക്ടറികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെബ്രുവരി മുതൽ അടച്ചിട്ടതിന്റെ ഫലമായി തൊഴിലാളികൾക്ക് തൊഴിലും ആനുകൂല്യങ്ങളും നഷ്ടമായതായും സംഘടന ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ 864 കശുവണ്ടി ഫാക്ടറികളിൽ ഭൂരിഭാഗവും പ്രവർത്തിച്ചിരുന്നു. പ്രമുഖ വ്യവസായികളും പുതിയ സംരംഭകരുമെല്ലാം ഫാക്ടറികൾ അടച്ചിട്ടിട്ടും നിലവിലുള്ള നിയമം ഉപയോഗിച്ച് ഫാക്ടറികൾ പ്രവർത്തിക്കുന്നതിലേക്ക് യാതൊന്നും ചെയ്യുന്നില്ല. ഇഎസ്ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് ജീവനക്കാരും തൊഴിലാളികളും നട്ടം തിരിയുകയാണ്.
പത്തനംതിട്ട ജില്ലയിൽ 50 ഓളം ഫാക്ടറികളുള്ളതിൽ പ്രവർത്തിക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രമാണ്. തൊഴിൽരഹിതരായ കശുവണ്ടി തൊഴിലാളികൾക്കും ജീവനക്കാർക്കും ആശ്വാസവേതനമോ സൗജന്യ റേഷനോ നൽകാതെ തൊഴിൽ ഇല്ലാതാക്കിയ കുത്തക മുതലാളിമാരെ സഹായിക്കാൻ 25 കോടി രൂപ ബജറ്റിൽ വകയിരുത്തി വഞ്ചിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നും കശുവണ്ടി തൊഴിലാളി കോണ്ഗ്രസ് കുറ്റപ്പെടുത്തി.
യൂണിയൻ ഭാരവാഹികളായ കല്ലട പി.കുഞ്ഞുമോൻ, കീരത്തിൽ ദിവാകരൻപിള്ള, തോട്ടുവാ മുരളി, ദിലീപ് കുമാർ കടന്പനാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.