കൊല്ലം :ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയാണെങ്കില്‍ കശുവണ്ടി വികസന കോര്പ്പറേഷന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടിയം കശുവണ്ടി ഫാക്ടറിയില്‍ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രതിദിനം 60 ടണ്‍ മാത്രമായിരുന്ന ഉത്പാദം 105 ടണ്ണായി ഉയര്‍ത്തിയത് നേട്ടമാണ്. ഇതുകൊണ്ടാണ് പുതുതായി 1000 തൊഴിലാളികളെ നിയമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഗ്രാറ്റുവിറ്റി തുക കൊടുത്തിട്ടില്ല. എന്നാല്‍ ഇടത് സര്‍ക്കാര്‍ 16 കോടി രൂപയാണ് ഗ്രാറ്റുവിറ്റി ഇനത്തില്‍ നല്‍കുന്നത്. 2400 തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക.
ഹരിതമിഷന്റെ ഭാഗമായി കോര്പ്പറേഷന് വളപ്പില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിപുലീകരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഓണക്കാലത്ത് മാത്രം അഞ്ചര കോടി രൂപയുടെ പച്ചക്കറികള്‍ വില്ക്കാന് സാധിച്ചു. ഇത് കൂടുതല്‍ വിപുലപ്പെടുത്തും – മന്ത്രി കൂട്ടിച്ചേര്‍ത്തു .കോര്പ്പറേഷന് തൊഴിലാളികളുടെ മക്കളില്‍ എം ബി ബി എസ് പ്രവേശനം നേടിയവരെ മന്ത്രി ആദരിച്ചു.
കെ എസ് സി ഡി സി ചെയര്മാന് എസ് ജയമോഹന് അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്, ജില്ലാ പഞ്ചായത്തംഗം എസ് ഫത്തഹുദ്ദീന്‍, ഭരണ സമിതിയംഗങ്ങളായ ആര് സഹദേവന്, സജി ഡി ആനന്ദ്, മാനേജിംഗ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്, സംഘടനാ പ്രതിനിധികളായ ശശി, മംഗലത്ത് രാഘവന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.