കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 20 മുതൽ ഫാക്ടറി പടിക്കൽ സമരം ആരംഭിക്കാൻ കശുഅണ്ടി തൊഴിലാളി കേന്ദ്രകൗൺസിൽ(എഐടിയുസി) യോഗം തീരുമാനിച്ചു. നിയമനിഷേധം അവസാനിപ്പിക്കണമെന്നും തൊഴിലാളികളുടെ വേതനം നേരിട്ട് നൽകണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
2015ലാണ് കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി അവസാനമായി വർദ്ധിപ്പിച്ചത്. നാല് വർഷം കഴിഞ്ഞ് പുതിയ കൂലി വര്‍ദ്ധിപ്പിക്കാനുള്ള സമയം ആയിട്ടും നിലവിലുള്ള കൂലി പോലും സ്വകാര്യ മുതലാളിമാർ നൽകുന്നില്ല.
2019 ജൂലൈ മുതൽ പുതിയ ഡിഎ 39.18 രൂപ നിലവിൽ വന്നിട്ടും ഈ ഇനത്തിലും തട്ടിപ്പ് നടത്തുകയാണ്. കൂലിയിലും തൂക്കത്തിലും വൻ കുറവ് വരുത്തുന്നു. ഇഎസ്ഐ, പിഎഫ് വിഹിതങ്ങൾ കൃത്യമായി അടയ്ക്കുന്നില്ല.
പല ഫാക്ടറികളിലും തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ല. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് യൂണിയനുകൾ ഉന്നയിക്കുമ്പോൾ ഫാക്ടറികൾ അടച്ചിടുമെന്ന ഭീഷണിയാണ് അവർ മുഴക്കുന്നത്. സ്വകാര്യഫാക്ടറികളിൽ നടക്കുന്ന നിയമനിഷേധങ്ങൾ കണ്ടുപിടിച്ച് നടപടി സ്വീകരിക്കേണ്ട ലേബർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. അവർ ഫാക്ടറി സന്ദർശിക്കുകയോ പരാതികൾക്ക് പരിഹാരം ഉണ്ടാക്കുകയോ ചെയ്യുന്നില്ല.
ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളം ഭരിക്കുമ്പോൾ ഇത്തരത്തിൽ അനാസ്ഥ കാണിക്കുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകൗൺസിൽ ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് എ ഫസലുദ്ദീൻഹക്ക് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി ലാലു, എൻ അനിരുദ്ധൻ, ജി ബാബു, അഡ്വ. സി ജി ഗോപൂകൃഷ്ണൻ, അയത്തിൽ സോമൻ, മുളവന രാജേന്ദ്രൻ, ടി എം മജീദ്, എസ് അഷറഫ്, ആർ സുന്ദരേശൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സുകുമാരൻനായർ, എൻ പങ്കജരാജൻ, എ ജി രാധാകൃഷ്ണൻ, കടമ്പനാട് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.