കോഴിക്കോട്: ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂണിയര്‍ നഴ്സുമാര്‍ അനിശ്ചിത കാല സമരത്തിലേക്ക്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് 21 മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്ന് കൊണ്ട് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.
ഗവ. നഴ്സിംഗ് കോളജുകളില്‍ നിന്നും ബിഎസ് സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തീകരിച്ച് കേരള നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടി രജിസ്ട്രേഡ് നഴ്സായി ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളില്‍ ഒരു വര്‍ഷത്തെ ഡ്യൂട്ടിക്ക് പ്രവേശിച്ച നഴ്സിംഗ് സ്റ്റാഫുകള്‍ സ്റ്റൈപ്പന്‍ഡ് വര്‍ധന സംബന്ധിച്ച് അപേക്ഷ കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രിക്ക് നല്‍കിയിരുന്നു.
എന്നാല്‍ അപേക്ഷയിന്മേല് തീരുമാനമുണ്ടായില്ല. അതേസമയം കോവിഡ് ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റെല്ലാവര്‍ക്കും ശമ്പള വര്‍ധനയുണ്ടായി.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ മാസം 24 ന് വീണ്ടും അപേക്ഷ നല്കി. കൂടാതെ പ്രതിഷേധ സൂചകമായി ഈമാസം എട്ടിന് സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജുകളിലെ സിഎന്‍എസ് സ്റ്റാഫുകള്‍ കരിദിനമായി ആചരിക്കുകയും തൊട്ടടുത്ത ദിവസം ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ സാന്നിധ്യത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് എഡ്യൂക്കേഷനുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
എന്നാല്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് 21 മുതല്‍ ഗവ. മെഡിക്കല്‍ കോളജുകളിലെ 375 ല്‍പരം നഴ്സിംഗ് ഇന്റേണ്‍ഷിപ്പ് സ്റ്റാഫുകള്‍ അനിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
375ല്‍ പരം രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് 2016 ലാണ് 6000 രൂപയില്‍ നിന്ന് അന്നത്തെ സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാനശമ്പളമായ 13,900 രൂപയാക്കി ഉയര്‍ത്തിയത്.
എന്നാല്‍ അതേ വര്‍ഷം തന്നെ പുതിയ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാനശമ്പളം 27,800-59,400 എന്ന പേ സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു.
പുതിയ ശമ്പള പരിഷ്കരണം നിലവില്‍ വന്ന് നാലു വര്‍ഷത്തിലധികമായിട്ടും 2016 വര്‍ഷം ഉയര്‍ത്തിയ സ്റ്റൈപ്പന്‍ഡില്‍ യാതൊരുവിധ വര്‍ധനയും ഉണ്ടായിട്ടില്ല. പഴയ കമ്മീഷന് ഉത്തരവ് പ്രകാരമുള്ള 13,900 രൂപ മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്.