തൃപ്പൂണിത്തുറ: എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പ്രതിയും കുടുംബവും നടത്തിയ നാടകം തൃപ്പൂണിത്തുറ പോലീസ് അതിവിദഗ്ധമായി പൊളിച്ചടുക്കി.
ആദ്യം പോലീസിനെ ആശയക്കുഴപ്പത്തിലേക്കെത്തിക്കാൻ പ്രതിക്കും വീട്ടുകാർക്കും സാധിച്ചെങ്കിലും സഹോദരൻ സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു.
പോലീസ് വെളിപ്പെടുത്തിയതുപ്രകാരം കൊലപാതകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രതിയുടെ വീട്ടുകാർ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിച്ചു.
ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ കണ്ടുപിടിത്തവും തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.
എരൂരിലെ വാടക വീട്ടിൽവച്ച് ചൊവ്വാഴ്ചയാണ് സുമേഷ് കുത്തേറ്റ് മരിച്ചത്. ഇതിനു ദൃക്സാക്ഷികളില്ല.
കൊല്ലപ്പെട്ട സുമേഷ് കുറെ നാളായി അപകടത്തെ തുടർന്ന് അസുഖത്തിന്റെ കാരണം പറഞ്ഞ് പണിക്ക് പോകാറില്ല.
വീട്ടിൽ കിടന്ന് സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കലും ടിവി കാണലുമായിരുന്നു പരിപാടി. സംഭവ ദിവസം സുനീഷ് വീട്ടിലേക്കു വന്നപ്പോൾ ടിവി കണ്ടുകൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന സുമേഷുമായി വഴക്കിട്ടു.
വഴക്കിനിടയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് സുനീഷ് കുത്തി. ആഴത്തിൽ മുറിവേറ്റ സുമേഷിനെ സുനീഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
വീണ് പരിക്കേറ്റതാണെന്ന് ഒരു മൊഴിയിലും വീഴ്ചയ്ക്കിടയിൽ ചില്ല് കുത്തിക്കയറിയാണ് മരണമെന്ന് മറ്റൊരു മൊഴിയിലും സ്വയം കുത്തിയതാണെന്നും പ്രതി പറഞ്ഞു.
ആശുപത്രിയിൽ നൽകിയതും പോലീസിനു നൽകിയതും വ്യത്യസ്തമായ വിശദീകരണങ്ങളായിരുന്നു. സംശയം തോന്നിയ പോലീസ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറോട് കൂടുതൽ കാര്യങ്ങൾ തിരക്കി.
സ്വയം കുത്തിയാൽ കുത്തേൽക്കുന്നത് വയറിന്റെ ഭാഗത്താണെന്നും എന്നാൽ മരണപ്പെട്ട സുമേഷിന്റെ പരിക്ക് നെഞ്ചിന്റെ ഭാഗത്താണെന്നും ഡോക്ടർ വിശദീകരിച്ചു.
സ്വയം കുത്തിയാൽ ഒരിക്കലും പതിനൊന്നര സെന്റീമീറ്റർ ആഴത്തിൽ കത്തി കയറാൻ സാധ്യതയില്ലെന്നും ഡോക്ടർ പറഞ്ഞു.
ഇതിനിടയിൽ പ്രതിയുടെ കുടുംബം മുഴുവൻ പ്രതിക്ക് അനുകൂലമായി മൊഴി നൽകിയത് പോലീസിനെ കുഴക്കി. ഞാൻ സ്വന്തം ചേട്ടനെ അങ്ങനെ ചെയ്യുമോ സാറേയെന്നായിരുന്നു പ്രതിയുടെ മറുചോദ്യം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്. മരിച്ച സുമേഷ് പത്തോളം ക്രമിനൽ കേസുകളിൽ പ്രതിയാണ്.
ഇതിൽ പോലീസിനെ ആക്രമിച്ച കേസുമുണ്ട്. പ്രതി സുനീഷും പല കേസുകളിലും പ്രതിയാണ്. വീട്ടുകാരും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബമാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്രസമ്മേളനത്തിൽ എസിപി ശ്രീകുമാർ , സിഐ പ്രവീൺ, എസ്ഐമാരായ ടോൾസൻ ജോസഫ് , അനില എന്നിവർ പങ്കെടുത്തു.