ചെങ്ങന്നൂർ: ഭർത്താവിനെതിരേയുള്ള വധഭീഷണിയിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഭാര്യ നൽകിയ പരാതിയിൽ ചെങ്ങന്നൂർ പോലീസ് വ്യാജമൊഴി ചമച്ച് കള്ള ഒപ്പിട്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകി.
ഇക്കാര്യം വിവരാവകാശത്തിലൂടെ മനസിലാക്കിയ യുവതി ഡിജിപിക്ക് വീണ്ടും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് ഡിജിപി ഓഫീസ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിൽ നിന്നു യുവതിയുടെ മൊഴിയെടുത്തു.
ആദ്യം ഡിജിപിക്കു നൽകിയ പരാതിയിൽ ചെങ്ങന്നൂർ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നുമാണ് അന്വേഷണം നടത്തിയത്.
ചെങ്ങന്നൂർ പുത്തൻമഠത്തിൽ ശ്രീഭവനത്തിൽ മീര ശ്യാമണ് പരാതിക്കാരി. മീരയുടെ ഭർത്താവായ അനൂപ് എസ്. കുമാറിന് ഒരു വ്യക്തിയിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടിയാണ് ഡിജിപി മുൻപാകെ പരാതി സമർപ്പിച്ചത്.
എന്നാൽ ചെങ്ങന്നൂർ പോലീസ് പരാതിക്കാരിയായ മീരാ ശ്യാമിന്റെ മൊഴി നേരിട്ടെടുക്കാതെ വ്യാജ മൊഴി തയ്റാക്കി കള്ള ഒപ്പിട്ട് റിപ്പോർട്ട് നൽകി ഡിജിപിയെ കബളിപ്പിക്കുകയായിരുന്നു.
പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വിവരാവകാശം വഴി അന്വേഷിച്ചപ്പോഴാണ് തന്റെ പേരിൽ വ്യാജ മൊഴിയും ഒപ്പുമിട്ടു മറുപടി നൽകിയ കാര്യം മീര അറിയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
തുടർന്നാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിൽ നിന്നു ഉദ്യോഗസ്ഥരെത്തി മീരയുടെ മൊഴിയെടുത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനും ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകിയിരുന്നു.