നെന്മാറ: കാമുകിയെ 10 വർഷം യുവാവ് സ്വന്തം വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചു. ഒടുവിൽ സംഭവം പുറത്തായപ്പോൾ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്.
പത്തു വർഷത്തെ ഒളിവു ജീവിതത്തിനുശേഷം ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ സുഖമറിയുകയാണ് യുവാവും യുവതിയും. പാലക്കാട്ട് നെന്മാറയിലാണ് സംഭവം.
2010 ഫെബ്രുവരി രണ്ടിനാണ് യുവതിയെ കാണാനില്ലെന്നു വീട്ടുകാർ പോലീസിൽ പരാതി നല്കിയത്. അന്വേഷണം എങ്ങുമെത്തിയില്ല. ഈ സമയത്തെല്ലാം യുവതി കാമുകനായ യുവാവിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.
ഒന്നും രണ്ടും ദിവസമല്ല, പത്തുവർഷം! ഒടുവിൽ മൂന്നുമാസം മുൻപ് വീട്ടിൽനിന്നു മുങ്ങിയ യുവാവിനെ ഇന്നലെ വീട്ടുകാർ കണ്ടെത്തിയതോടെയാണ് അത്യപൂർവ സംഭവം പുറത്തായത്.
കാമുകി തന്റെ വീട്ടിലുള്ള അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ കണ്ണിൽ പെടാതിരിക്കാൻ ഏറെ ജാഗ്രതയോടെയായിരുന്നു യുവാവിന്റെ പെരുമാറ്റം.
വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുന്പോഴെല്ലാം മുറി പൂട്ടിയിടും. ജനാലയിലെ പലകകൾ നീക്കിയാൽ പുറത്തുകടക്കാൻ കഴിയുന്ന സംവിധാനമൊരുക്കി.
രാത്രിസമയത്ത് ആരുമറിയാതെ പുറത്തുകടന്നു ശുചിമുറിയിൽ പോകുമെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. മൂന്നുമാസം മുന്പ് വീട്ടുകാരെ അറിയിക്കാതെ ഇവർ വിത്തനശേരിയിലെ വാടകവീട്ടിലേക്കു മാറി.
ഈവർഷം മാർച്ച് മൂന്നിനു യുവാവിനെ കാണാനില്ലെന്നു വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ തുന്പൊന്നും പോലീസിനു കിട്ടിയിരുന്നില്ല.
ഇതിനിടെ അയിലൂരിലുള്ള സഹോദരൻ യുവാവിനെ നെന്മാറ ടൗണിൽ അവിചാരിതമായി കണ്ടതോടെ വാഹന പരിശോധന നടത്തിവന്ന പോലീസിനെ കാര്യം ധരിപ്പിച്ചു സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പ്രായപൂർത്തിയായ ഇവർ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുന്നതായി മൊഴി നൽകി. കേസുകൾ അവസാനിപ്പിക്കാൻ ഇവരെ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇരുവരെയും വിട്ടയച്ചു.
2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് 24 വയസുകാരനായ യുവാവ് 18 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു.
ഒന്നിച്ചു ജിവിക്കാൻ തീരുമാനിച്ചുവെങ്കിലും മറ്റു വഴികളൊന്നും അവർക്കു മുന്നിലുണ്ടായിരുന്നില്ല. ഒടുവിൽ യുവതി വീടുവിട്ടിറങ്ങി. യുവാവിന്റെ സൗകര്യങ്ങൾ കുറഞ്ഞ വീട്ടിൽ യുവാവിന്റെ വീട്ടുകാർപോലുമറിയാതെ പത്തുവർഷം താമസിച്ചു.
വീട്ടുകാരെ ഭയന്നാണ് താൻ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നതെന്ന് യുവാവ് പറഞ്ഞു.രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെപ്രമുഖർ തങ്ങൾക്ക്പിന്തുണയുമായെത്തിയത് ആശ്വാസമായിട്ടുണ്ടെന്നും ഇനിയെങ്കിലും ആരെയും പേടിക്കാതെ സ്വസ്ഥമായി ജീവിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇരുവരും പറഞ്ഞു.