രാജ്യത്തെ എല്ലാവിധ തൊഴില്‍മേഖലകളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് വ്യക്തമാക്കി നടി നൈല ഉഷ. മലയാളത്തിലെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നൈലയുടെ തുറന്നുപറച്ചില്‍. തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും സഹിക്കേണ്ടി വന്നിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. എതൊരു തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതേസമയം കേരളത്തിലെ മാത്രം സ്ഥിതിയല്ലിത്.
ലോകത്തെ എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിന് തടയിടാന്‍ സാധിക്കൂ. ലക്ഷക്കണക്കിന് മലയാളികള്‍ ജീവിക്കുന്ന ദുബായിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലല്ലോ നൈല ചോദിക്കുന്നു. ട്രാഫിക്ക് നിയമങ്ങള്‍ പോലും തെറ്റിക്കാന്‍ ആരും മുതിരില്ല. ദുബായിലെ അറബി സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചാണ് നടക്കുന്നത്. വിദേശത്തു നിന്നെത്തുന്ന സഞ്ചാരികളില്‍ ബിക്കിനി ധരിക്കുന്നവരുമുണ്ട്. എല്ലാവരും അനുഭവിക്കുന്നത് ഒരേ സുരക്ഷിതത്വമാണ്. അര്‍ധരാത്രിയില്‍ പോലും സ്ത്രീകള്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. അവര്‍ക്കു നേരെ ഒരു ആക്രമണവും ഉണ്ടാകുന്നില്ല. അവിടെ നിയമങ്ങള്‍ ശക്തമാണ്. ശിക്ഷകള്‍ കഠിനവും. തലവെട്ടുമെന്ന് പറഞ്ഞാല്‍ വെട്ടിയിരിക്കും. നൈല പറഞ്ഞു.