ക്ലബ് ഹൗസ് ആപ്പിനെക്കുറിച്ച് കേള്ക്കുമ്പോള് മുഖംചുളുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. ക്രിമിനലുകളുടെ താവളമായിട്ടാണ് പലരും ഇതിനെ കാണുന്നത്.
അതിനു പ്രധാനകാരണം ആപ്പിനെക്കുറിച്ചുള്ള നെഗറ്റീവ് വാര്ത്തകളാണ്. പെട്ടെന്ന് പ്രശസ്തിയും കുപ്രശസ്തിയും നേടിയ ക്ലബ് ഹൗസില് വളരെ വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മറുനാടന് മലയാളികളുണ്ട്.
തിന്മയുടെ വിളനിലത്തില് നന്മയുടെ വിത്തുകള് എങ്ങനെ പാകാമെന്ന് കാണിച്ചുതരുന്നവര്. ഇവരുടെ കൂട്ടായ്മയുടെ അല്ലെങ്കില് ക്ലബിന്റെ പേരാണ് ന്യൂസിലന്ഡ് മലയാളീസ്.
പേരുപോലെ തന്നെ ന്യൂസിലന്ഡില് താമസിക്കുന്ന മലയാളികളാണ് ഈ ക്ലബിന് പിന്നില്. വെറും ചര്ച്ചകള്ക്ക് മാത്രമായിട്ടുള്ള ആപ്പില് എന്ത് നന്മയാണ് ഇവര് ചെയ്യുന്നതെന്നല്ലെ നിങ്ങള് ചിന്തിക്കുന്നത്. പറയാം..
ക്ലബിന്റെ തുടക്കം
തൃശൂര് സ്വദേശിയും ന്യൂസിലന്ഡില് ഷെഫുമായ സായൂജ് സതീശനും കൊല്ലം സ്വദേശിനിയും ന്യൂസിലന്ഡില് നേഴ്സുമായ ജോബീന(ജെനി) ജോണും ചേര്ന്നാണ് ന്യൂസിലന്ഡ് മലയാളീസ് എന്ന ക്ലബ് തുടങ്ങുന്നത്.
അയല്ക്കാരായി മലയാളികളാരുമില്ലാത്ത സ്ഥലത്ത് താമസിച്ചിരുന്ന സായൂജ് ബോറടിമാറ്റുവാനാണ് ക്ലബ് ഹൗസില് അക്കൗണ്ട് തുടങ്ങുന്നത്. ക്ലബുകള് കയറിയിറങ്ങുന്നതിനിടെയാണ് ജോബീനയെ പരിചയപ്പെടുന്നത്.
ന്യൂസിലന്ഡില് തങ്ങളെപ്പോലെ ഒറ്റപ്പെട്ടുപോയവര്ക്ക് സംസാരിച്ചിരിക്കാന് ഒരിടം എന്ന നിലയ്ക്കാണ് രണ്ടുപേരും ചേര്ന്ന് ന്യൂസിലന്ഡ് മലയാളീസ് എന്ന ക്ലബ് തുടങ്ങുന്നത്.
മറ്റ് ക്ലബുകളില് ചര്ച്ചകള്ക്ക് തീ പിടിച്ചപ്പോള് ന്യൂസിലന്ഡ് മലയാളീസ് ക്ലബ് ശാന്തമായി ഒഴുകുന്ന ഒരു നദിയായി മാറി. അതിന് പിന്നിലെ ഐഡിയ ന്യൂസിലന്ഡില് ആര്ക്കിടെക്കായി ജോലി ചെയ്യുന്ന ദൃശ്യ ധര്മന് എന്ന തൃശൂരുകാരിയുടെതായിരുന്നു.
ജീവിതയാത്രയിലെ ഒറ്റപ്പെടലും ടെന്ഷനും ഡിപ്രഷനും മറന്ന് നാടിന്റെ ഗൃഹാതുരത്വത്തില് ചെന്നിരിക്കാന് ഒരിടം അതായിരുന്നു ന്യൂസിലന്ഡ് മലയാളീസ് എന്ന റൂമ്. ഈ ഒറ്റക്കാരണത്താല് വളരെ വേഗം മറുനാടന് മലയാളികള്ക്കിടയില് ഈ റൂമ് പ്രശസ്തമായി.
അമേരിക്ക, ഒസ്ട്രേലിയ, കാനഡ, യുകെ, ഇറ്റലി, മാള്ട്ട, കുവൈറ്റ്, യുഎഇ, റിയാദ്, ഖത്തര്, സൗദി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവരും ഈ ഗ്രൂപ്പിന്റെ ഭാഗമായി.
പ്രമുഖരുടെ ഇഷ്ടയിടം
ചര്ച്ചകള് നടക്കുമ്പോള് വലിയവന് ചെറിയവന് എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും അഭിപ്രായങ്ങള് പറയുവാനും വിഷയം ചൂട് പിടിക്കുമ്പോള് സ്പീക്കേഴ്സിനെ ശാന്തമായി കൊണ്ടുപോകുവാനും മോഡറേറ്റര്മാര് വിജയിച്ചത് ക്ലബിന് ഗുണം ചെയ്തു.
മുരളി തുമ്മാരുകുടി, ബെന്യാമിന്, ജെ.എസ്. അടൂര് പോലുള്ള സാംസ്കാരിക, രാഷ്ട്രീയ, കലാ, സാഹിത്യ രംഗത്തുള്ള പല പ്രശസ്തരും സംവാദത്തിനായി ന്യൂസിലന്ഡ് മലയാളീസിലെത്തി.
ആളുകളുടെ എണ്ണം കൂടുകയും ക്ലബിന്റെ സ്വഭാവം മാറുകയും ചെയ്തതോടെ പുതിയ രണ്ടു ഗ്രൂപ്പുകള് കൂടി തുടങ്ങുവാന് തീരുമാനമായി.
കളിചിരിയും കുറച്ചുപരദൂഷണവുമായി കുടുംബശ്രീ എന്ന ക്ലബും കാലിക പ്രാധാന്യമുള്ള വിഷയം സാമൂഹിക പ്രതിബന്ധതയോടെ സംവദിക്കുന്നതിന് ന്യൂസിലന്ഡ് തഗ് എന്ന ക്ലബും തുടങ്ങി.
ഫേക്ക് അക്കൗണ്ടുകള് പെരുകി വന്നതോടെ സൂം മീറ്റിംഗ് വഴി അക്കൗണ്ടുകള് വ്യാജമല്ലെന്ന് ഉറപ്പിച്ച ശേഷമാണ് മെമ്പര്ഷിപ്പ് നല്കിയത്.
മാത്രവുമല്ല ന്യൂസിലഡിന്റെ വിവിധ ഭാഗത്തുള്ളവരായ മോഡറേറ്റര്മാര് ഇടയ്ക്ക് ഒത്തുചേരുകയും ക്ലബിന്റെ ഭാവി പരിപാടികള് ചര്ച്ച ചെയുകയും ചെയ്യുന്നു.
ലോകത്തിലെ എല്ലായിടത്തുനിന്നുമുള്ള മലയാളികളെയും പങ്കെടുപ്പിച്ച് ക്ലബ് ഹൗസ് വഴി ഓണാഘോഷവും ഓണപ്പരിപാടികളും ന്യൂസിലന്ഡ് മലയാളീസ് നടത്തി. മത്സരങ്ങളില് വിജയിച്ചവര്ക്ക് ക്യാഷ് സമ്മാനം നല്കിയാണ് മറ്റ് ക്ലബുകളെ ഞെട്ടിച്ചത്.
രാഷ്ട്രീയമോ മതമോ ജോലിയുടെ ഏറ്റക്കുറച്ചിലുകളോ പ്രായമോ ഇല്ലായെന്നതാണ് ഈ കൂട്ടായിമ വിജയിക്കാനുള്ള പ്രധാനകാരണം. മോഡറേറ്റര്മാരില് 19 വയസുമുതല് 53 വയസുവരെയുള്ളവരുണ്ട് പക്ഷേ ക്ലബില് വരുമ്പോള് എല്ലാവര്ക്കും ഒരേ പ്രായവും ഒരേ മനസുമാണ്.
കെട്ടകാലത്ത് കൈത്താങ്ങായി
വെറും കളിയുംചിരിയും ചര്ച്ചകളും മാത്രമല്ല ക്ലബ് ഹൗസ്. ഈ ആപ്പുവഴി മറ്റുള്ളവരെ സഹായിക്കാന് കഴിയുമെന്ന് ന്യൂസിലന്ഡ് മലയാളീസ് തെളിയിച്ചു.
ക്ലബിലെ ബന്ധങ്ങള് വഴി ന്യൂസിലന്ഡില് ജോലി തേടി നടന്ന മലയാളികള്ക്ക് ജോലിനേടാന് സഹായിച്ചുകൊണ്ടാണ് സഹായഹസ്ദത്തിന്റെ വ്യത്യസ്ഥമായ പാതതുറന്നത്.
പിന്നീട് ക്വാറന്റീനില് ഒറ്റപ്പെട്ടുപോയ മലയാളിപെണ്കുട്ടി ക്ലബില് വന്ന് സഹായം തേടിയപ്പോള് കേരളഫുഡ് എത്തിച്ചുകൊടുത്തുകൊണ്ട് മാതൃകയായി.
പ്രമുഖചാനലില് വന്ന വാര്ത്തയുടെ അടിസ്ഥാനത്തില് ക്ലബില് വന്നു സംസാരിച്ച അന്ധനായ കുട്ടിയെ സഹായിച്ചാണ് ക്ലബ് ചാരിറ്റി രംഗത്തേയ്ക്ക് ഇറങ്ങുന്നത്.
കൊറോണമൂലം നാട്ടില് പോകാനാകാതെ മാനസികമായി ബുദ്ധിമുട്ടിയിരുന്നവര്ക്ക് കൗണ്സിലിംഗ് സഹായം ഒരുക്കി.
മൂന്ന് മാസങ്ങള്കൊണ്ട് നിരവധിയാളുകളെ സാമ്പത്തികവും മാനസികവുമായി ക്ലബ് സഹായിച്ചു. ഡല്ഹി ആസ്ഥാനമായുള്ള ഒരു ചാരിറ്റബിള് ട്രസ്റ്റിലെ നാല് കുട്ടികളെ ദത്തെടുത്തതാണ് അവസാനായി ചെയ്ത സഹായങ്ങളില് ഒന്ന്.
ന്യൂസിലന്ഡില് താമസമാക്കിയ കോട്ടയം അതിരമ്പുഴ സ്വദേശി നിര്മ്മല് തോമസ്, അരീപ്പറമ്പ് സ്വദേശി വിഷ്ണു ശങ്കര്, കോഴിക്കോട് കൊടുവള്ളി സ്വദേശി വിഷ്ണു ദാസ്, കൊല്ലം സ്വദേശി ഹേമന്ദ്, തൃശൂര് കുന്നംകുളം സ്വദേശി സനൂപ്, ചാലക്കുടി സ്വദേശി ജെറി പോള്, എറണാകുളം പുത്തന്കുരിശ് സ്വദേശി അരുണ് പീറ്റര്, വിഷു പോള്, പാലക്കാട് സ്വദേശിനി അമ്പളി റോസ് എന്നിവരാണ് ക്ലബിന്റെ മറ്റ് പ്രധാന സാരഥികള്.
അരുണ് ടോം