സ്വന്തം ലേഖകൻ
കണ്ണൂർ: ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂരിൽനിന്ന് ഏറ്റവും കൂടുതൽ രഞ്ജി മത്സരങ്ങൾ കളിക്കുകയും കേരളത്തെ നയിക്കുകയും ചെയ്ത ക്രിക്കറ്റ് പ്രതിഭയാണ് ഇന്നലെ ജീവിതത്തിന്റെ ക്രീസിൽനിന്നു നിത്യതയിലേക്കു മടങ്ങിയ ഒ.കെ. രാംദാസ്.
13 സീസണുകളിലായി 35 മത്സരങ്ങളിലാണ് ഇദ്ദേഹം പാഡണിഞ്ഞത്, അതും അന്നത്തെ പ്രമുഖ ഇന്ത്യൻ കളിക്കാരുൾപ്പെട്ട ടീമുകളോടൊപ്പം.
സിലോണിനെതിരേ (ഇന്നത്തെ ശ്രീലങ്ക) കേരള ഇലവനുവേണ്ടിയും ബാറ്റ് വീശിയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ റൺസൊന്നും നേടാതെ ഡക്ക് ഔട്ടായി മടങ്ങുകയും പിന്നീട് എക്കാലത്തെയും മികച്ച ഓപ്പണറായി ടീമിനെ നയിക്കുകയും ചെയ്ത കളിക്കാരൻകൂടിയാണു രാംദാസ്.
കേരളത്തിനുവേണ്ടി 35 മത്സരം കളിച്ച ഇദ്ദേഹം 11 അർധസെഞ്ചുറികളടക്കം 1647 റൺസുകൾ നേടിയിട്ടുണ്ട്. അക്കാലത്ത് രഞ്ജി മത്സരങ്ങളിൽ അധികമാരും അർധസെഞ്ചുറികൾ കടക്കാത്ത സാഹചര്യത്തിലായിരുന്നു രാംദാസിന്റെ ഈ നേട്ടം.
ശ്രീലങ്കയ്ക്കെതിരേയുള്ള ഒരു മത്സരത്തിലും രാംദാസ് പാഡ് അണിഞ്ഞിട്ടുണ്ട്. കേരള ഇലവൻസും ശ്രീലങ്കയും തമ്മിൽ നടന്ന ഈ മത്സരത്തിൽ 30 റൺസ് രാംദാസിന്റെ സംഭാവനയായിരുന്നു.
ശ്രീലങ്കയുടെ മികച്ച ബൗളറായ ഖെൽഗമവയുടെ പന്തുകളെയും രാംദാസ് അടിച്ചുപറത്തി. ലോകോത്തര ഫാസ്റ്റ് ബൗളറായ ജെഫ് ബോയ്കോട്ടിന്റെ പന്തുകളും രാംദാസ് നേരിട്ടുണ്ട്.
കണ്ണൂർ ക്രിക്കറ്റ് ക്ലബ്ബിലൂടെ കളത്തിൽ…
കാൽപ്പന്തുകളിക്കു പേരുകേട്ട കണ്ണൂരിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ്ബായ കണ്ണൂർ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണു (സിസിസി) രാംദാസ് കളിക്കളത്തിലേക്കെത്തുന്നത്.
പിന്നീട് കണ്ണൂർ എസ്എൻ കോളജിലൂടെ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കളിക്കാരനായി. കാലിക്കട്ടിന്റെ ക്യാപ്റ്റനുമായിരുന്നു. കേരള സർവകലാശാലാ ടീമിലും കളിച്ചിട്ടുണ്ട്.
1968-69 ൽ തന്റെ 24-ാമത്തെ വയസിലാണു സീനിയർ ടീമിൽ ഇടം നേടുന്നത്. ഒരേ ഗ്രൗണ്ടിൽ കന്നിമത്സരവും അവസാനമത്സരവും കളിച്ച ക്രിക്കറ്റർകൂടിയാണ് രാംദാസ്.
ബാലൻ പണ്ഡിറ്റിന്റെ ക്യാപ്റ്റൻസിയിൽ മൈസൂരുവിനെതിരേ കൊച്ചിൻ പരേഡ് ഗ്രൗണ്ടിലായിരുന്നു കന്നിമത്സരം.ഓപ്പൺ ചെയ്ത രാംദാസിനെതിരേ ആദ്യ ഓവർ എറിഞ്ഞത് വൈ.ബി. പട്ടേൽ.
പട്ടേലിന്റെ ആദ്യ പന്ത് ഡിഫൻഡ് ചെയ്തു. രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകൾ മൂളിക്കൊണ്ടു പറന്നുപോയി. നാലാമത്തെ പന്തിനെ ബാക്ക് ഫൂട്ടിൽ ഡിഫൻഡ് ചെയ്തെങ്കിലും അഞ്ചാമത്തെ പന്തിൽ ക്ലീൻ ബൗൾഡ്.
എന്നാൽ, രണ്ടാം ഇന്നിംഗ്സിൽ ആദ്യ ഇന്നിംഗ്സിന്റെ കുറവ് തീർത്ത് ടീമിലെ ടോപ് സ്കോററുമായി. രണ്ട് റൺസിനായിരുന്നു കന്നിമത്സരത്തിൽ അർധസെഞ്ചുറി നഷ്ടപ്പെട്ടത്.
ഇന്ത്യൻ ടീമിലെ അഞ്ചുപേരുണ്ടായിരുന്ന മൈസൂരുവിനോട് 136 റൺസിനു കേരളം തോറ്റെങ്കിലും മികച്ച കളിയായിരുന്നു കേരളം പുറത്തെടുത്തത്.
കൊച്ചിൻ പരേഡ് ഗ്രൗണ്ടിൽത്തന്നെ നടന്ന മറ്റൊരു മത്സരത്തിനുശേഷമാണ് സീനിയർ ടീമിന്റെ ക്രീസ് വിട്ടത്. തമിഴ്നാടിനെതിരേയുള്ള മത്സരത്തിൽ നേടിയ 83 റൺസാണ് കരിയറിലെ ടോപ് സ്കോർ.
1980-81 വർഷത്തിലായിരുന്ന കേരള രഞ്ജി ടീമിനെ നയിച്ചത്.കേരള ക്രിക്കറ്റ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ, 2001ലെ ഡിയോധർ ട്രോഫി സൗത്ത് സോൺ ടീം മാനേജർ, അന്താരാഷ്ട്ര മത്സരങ്ങളിലെ മാച്ച് റഫറി ലെയ്സൺ ഓഫീസർ, ബിസിസിഐ മാച്ച് റഫറി, എസ്ബിടി സ്പോർട്സ് മാനേജർ, പരിശീലകൻ, ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു.
1970 കളിൽ രാംദാസും സൂരി ഗോപാലകൃഷ്ണനും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടുകളിലെ കേരളത്തിന്റെ സ്കോറുകൾ അവിസ്മരണീയമായിരുന്നു.
അക്കാലത്തെ ബാറ്റർമാർ ഭയത്തോടുകൂടി അഭിമുഖീകരിച്ചിരുന്ന ബൗളർമാരായിരുന്ന ആബിദ് അലി, റോജർ ബിന്നി, ഗോവിന്ദ് രാജ് ജയപ്രകാശ്, വി.വി. കുമാർ, കല്യാണസുന്ദരം, ടി.എ. ശേഖർ തുടങ്ങിയവരും സ്പിൻ മാന്ത്രികരെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ബിഷൻസിംഗ് ബേദി, ചന്ദ്ര, പ്രസന്ന, വെങ്കിട്ട് എന്നിവരും. ഇവരെയെല്ലാം തന്റെ സ്വാഭാവിക ബാറ്റിംഗ് വൈദഗ്ധ്യത്തിൽ വിസ്മയിപ്പിച്ച കളിക്കാരനായിരുന്നു രാംദാസ്.
രാംദാസിനെതിരേ ബൗൾ ചെയ്യുക ശ്രമകരമാണെന്നു ബിഷൻസിംഗ് ബേദി തന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കളിച്ചുവളർന്ന കണ്ണൂരിൽ സ്ഥിരതാമസത്തിനെത്താനിരിക്കെയാണു രാംദാസ് മരണത്തിനു കീഴടങ്ങുന്നത്. ഇനിയുള്ള കാലം തളാപ്പിലെ തറവാട്ടുവീട്ടിൽ കഴിയണമെന്ന ഉദ്ദേശ്യത്തോടെ വീടിന്റെ നവീകരണം നടത്തിവരികയായിരുന്നു.