തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ തടഞ്ഞത് അപ്പോളോ ആശുപത്രി അധികൃതരെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്ശെല്വതതിന്റെ വെളിപ്പെടുത്തല്‍. ജയലളിതയ്ക്ക് അപകടമൊന്നുമുണ്ടാകില്ലെന്ന് അപ്പോളോ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷമായ ഡി.എം.കെയ്ക്കെതിരെ എ.ഐ.ഡി.എം.കെ നടത്തിയ പ്രതിഷേധറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. ജയലളിത ആശുപത്രിയിലായിരിക്കെ തന്നെ കാണാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ ഞങ്ങളെ വിശ്വാസമില്ലാത്ത പോലെയാണ് സംസാരിക്കുന്നത്’ എന്നായിരുന്നു ജയലളിതയെ എയര്‍ലിഫ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അപ്പോളോ അധികൃതരുടെ മറുപടിയെന്നും ഒ.പി.എസ് പറഞ്ഞു.
താന്‍ ജയലളിതയെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനായി ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ വഴങ്ങിയില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ‘അമ്മ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയാണെങ്കില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആശുപത്രി ആക്രമിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഭീഷണിയും വിലപ്പോയില്ല.’-പനീര്‍ശെല്‍വം പറഞ്ഞു.
2016 സെപ്തംബര്‍ 22 നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 12 ന് ജയലളിത, പനീര്‍ശെല്‍വത്തിന് ചുമതല കൈമാറിയിരുന്നു. ഡിസംബര്‍ 4 നായിരുന്നു ജയലളിതയുടെ മരണം.
‘അമ്മയ്ക്ക് കീഴില്‍ 32 വര്‍ഷം പ്രവര്‍ത്തിച്ച നിങ്ങള്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിയില്ലേയെന്ന് എന്നോട് ജനങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ അമ്മയെ കാണാന്‍ പോലും എനിക്ക് അനുവാദമില്ലായിരുന്നു. എല്ലാ ദിവസവും രാവിലെ ആശുപത്രിയില്‍ പോകുന്ന ഞാന്‍ രാത്രി വരെ അവിടെ ചെലവഴിക്കുമായിരുന്നു. എന്റെ ഭാര്യ എന്നോട് എന്നും ചോദിക്കും അമ്മയെ കണ്ടോ എന്ന്. ഇല്ലാ എന്നായിരുന്നു എപ്പോഴും എന്റെ മറുപടി.’- പനീര്‍ശെല്‍വം പറഞ്ഞു.