തിരുവനന്തപുരം: ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്ന് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം താനുദ്ദേശിച്ച അര്‍ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ഥത്തിലാണ് താന്‍ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.
മണ്ഡലത്തിലെ തരൂരിന്റെ സാന്നിധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ബിജെപി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയപരവുമായ നിലപാടെന്നും രാജഗോപാല്‍ പ്രതികരിച്ചു.
തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന് ഫൗണ്ടേഷന് അവാര്‍ഡ്ദാന ചടങ്ങിനിടയിലായിരുന്നു തരൂരിനെ വാനോളം പുകഴ്ത്തിയുള്ള രാജഗോപാലിന്റെ പ്രസംഗം. തരൂരിനെ തിരുവനന്തപുരത്ത് പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല.
പാലക്കാട് നിന്നെത്തി തിരുവനന്തപുരത്തുകാരുടെ മനസ് സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞു. അതുകൊണ്ടാണ് തരൂർ തിരുവനന്തപുരത്ത് വീണ്ടും ജയിക്കുന്നതെന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം.