കണ്ണൂർ: ദൈവവിശ്വാസികളെ പീഡനത്തിന് വിധേയമാക്കുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് ഒ. രാജഗോപാൽ എംഎൽഎ. ശബരിമലയിൽ നാമം ജപിക്കുന്ന ഭക്തരെയും സമരം ചെയ്യുന്ന പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കുന്ന സർക്കാർ നയത്തിനെതിരേ കണ്ണൂർ സ്റ്റേഡിയം കോർണറിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോലീസും ഭരണാധികാരികളും ചേർന്ന് ശരണം വിളിക്കുന്നവരെ പോലും അടിച്ചമർത്തുകയാണ്. വിശ്വാസികളെ തേടിപ്പിടിച്ച് ശിക്ഷിക്കുകയാണ്. ശബരിമലയിൽ ദർശനത്തിനു പോകുന്ന അയ്യപ്പൻമാരുടെ ഫോട്ടോയെടുത്ത് ലിസ്റ്റുണ്ടാക്കി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസുണ്ടാക്കുകയാണ്.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കേരളം ഭരിക്കുന്നത് ദൈവത്തിൽ വിശ്വാസികളല്ലാത്തവരും അതിൽ അഹങ്കരിക്കുന്ന പാർട്ടിയുമാണ്. പിണറായി വിജയൻ ശബരിമലയിൽ വന്നപ്പോൾ കോടിക്കണക്കിനു വിശ്വാസികൾ പ്രാർഥിക്കുന്ന മൂർത്തിയെ ഒരു വണങ്ങുവാനോ നോക്കുക പോലും ചെയ്യാതെ തിരിഞ്ഞുനടന്നത് കേരളം കണ്ടതാണ്.
ഏതു മതത്തിൽ വിശ്വസിക്കുവാനോ അവിശ്വസിക്കുവാനോയുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഭരണാധികാരികൾ ജനങ്ങളുടെ വികാരത്തെ മാനിക്കാൻ തയാറാകണം. അത് ജനാധിപത്യ രീതിയാണ്. നിരീശ്വരവാദികളായ ഭരണാധികാരികൾക്ക് വിശ്വാസസമൂഹം അടുത്ത തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ ജില്ലാ ചെയർമാൻ പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വി.പി. ദാസൻ, ഘടകകക്ഷി നേതാക്കളായ ജിജി തോമസ്, ബിജെപി സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, സുകുമാരൻ ചാവശേരി, വർക്കി വട്ടപ്പാറ, ജയിംസ് പന്ന്യമാക്കൽ, പൈലി വാത്യാട്ട്, പി. പദ്മിനി, പി.കെ. വേലായുധൻ, കെ.കെ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സംഘപരിവാർ പ്രവർത്തകരെ ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ സന്ദർശിച്ചു.