ബംഗളൂരു: കര്ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ബുധനാഴ്ച നടത്തുന്നതിനെക്കുറിച്ചും ആലോ ചിക്കുന്നുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാര്ജുന് ഖാര്ഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര് പങ്കെടുക്കും. വിവിധ പാര്ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരിൽ ആര് മുഖ്യമന്ത്രി ആകണമെന്ന കാര്യത്തിൽ നിയമസഭാകക്ഷി യോഗത്തിൽ ഐക്യാഭിപ്രായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്.
ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്നു ഡൽഹിയിലെത്തുമെന്നു റിപ്പോർട്ടുണ്ട്.ഭൂരിപക്ഷം എംഎൽഎമാരും സിദ്ധരാമയ്യക്കൊപ്പമാണെന്നും അദ്ദേഹംതന്നെ മുഖ്യമന്ത്രിയാകുമെന്നുമാണു നിലവിലുള്ള സൂചന.
അതിനിടെ മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറുമായി പങ്കിടാൻ തയാറെന്നു സിദ്ധരാമയ്യ അറിയിച്ചതായി സൂചനയുണ്ട്. ആദ്യ രണ്ടു വർഷം താനും പിന്നീട് ഡി.കെയും മുഖ്യമന്ത്രിയാകാമെന്നാണു സിദ്ധരാമയ്യ പറയുന്നത്.
എന്നാൽ തന്റെ നിലപാട് ഡി.കെ. വ്യക്തമാക്കിയിട്ടില്ല. ഡൽഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം അതൃപ്തി
പുറത്തുകാട്ടുകയുംചെയ്തു. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മല്ലികാർജുൻ ഖാർഗെയായിരിക്കും മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നടത്തുക. ഇന്നുതന്നെ പ്രഖ്യാപനം നടക്കും.
എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് നൽകും. ഇന്നലെ രാത്രി വൈകും വരെ എല്ലാ എംഎൽഎമാരെയും നേരിട്ട് കണ്ടാണ് നിരീക്ഷകർ റിപ്പോർട്ട് തയാറാക്കിയത്.
ഇന്നലെ നിയമസഭാകക്ഷി യോഗം നടന്ന സ്വകാര്യ ഹോട്ടലിന് മുമ്പിൽ സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും വേണ്ടി കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു.
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.