എറിയാട്: എറിയാടിന്റെ പെരുമയുടെ അടിക്കുറിപ്പുമായി ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ’ഓത്ത് ’ ചലച്ചിത്രം. എറിയാട് സ്വദേശിയും പ്രസിദ്ധ നാടക പ്രവർത്തകനുമായ പി.കെ.ബിജു രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് ’ഓത്ത് . ആഷിഖ് അബുവിന്റെ ’മായാനദി’, സൗബിന്റെ ’പറവ ’, ജയരാജിന്റെ ’ഭയാനകം’, ബി.അജിത്കുമാറിന്റെ ’ഈട’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് പി.കെ.ബിജുവിന്റെ ’ഓത്ത്’ ലിസ്റ്റിൽ ഇടംപിടിച്ചതെന്നത് ശ്രദ്ധേയമാണ്.
ബുദ്ധിമാന്ദ്യമുള്ള ഒരു മകനും അവന്റെ വൃദ്ധനായ ബാപ്പയും നേരിടുന്ന ദുരിത ജീവിതവും, അവരുടെ ജീവിതത്തിൽ ആകസ്മികമായി സംഭവിക്കുന്ന ദുരന്തത്തിനുശേഷം ഉണ്ടാകുന്ന മനുഷ്യ ജീവിതാവസ്ഥകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.സംവിധായകനായ പി.കെ.ബിജു തന്നെയാണ് പ്രധാന കഥാപാത്രമായ ബുദ്ധിമാന്ദ്യമുള്ള മകനെ അവതരിപ്പിക്കുന്നത്. ഷാജിക്ക ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ ആണ് വൃദ്ധപിതാവായി വേഷമിടുന്നത്.
ശ്രീനി കൊടുങ്ങല്ലൂർ, നവാസ് പുന്നക്കൽ, സിദ്ദീഖ് കാക്കു, നിസാർ പേബസാർ, സത്യൻ പടന്ന, പ്രമോദ് വോൾക്കാനോ, പ്രീതി പിണറായി, നെസ്മൽ, റഫീഖ്, അലു, അബ്ദുൽ സലാം, ഷഫീഖ് എന്നിങ്ങനെ എറിയാടും കൊടുങ്ങല്ലൂർ പരിസരത്തുമുള്ള നിരവധി കലാകാരൻമാർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരിന്റെ അഭിമാനമായ ഡാവിഞ്ചി സുരേഷ് ഒരു ഉസ്താദിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അഴീക്കോട് സ്വദേശി സുൾഫി ഭൂട്ടോ ഛായാഗ്രഹണവും എഡിറ്റിംഗും വലപ്പാട് സ്വദേശി അരുണ് പ്രസാദ് പശ്ചാത്തല സംഗീതവുംനിർവ്വഹിച്ചിരിക്കുന്നു.
2018ലെ അന്താരാഷട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബഹദൂർ ,സുധീർ, കമൽ, പി.എസ്.റഫീഖ് എന്നിവർക്ക് ശേഷം പി.കെ.ബിജു വെള്ളിത്തിരയിൽ കൊടുങ്ങല്ലൂർ ദേശത്തെ അടയാളപ്പെടുത്തുമെന്ന പ്രത്യാശയിലാണ് സിനിമാപ്രേമികൾ. ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം ഞായറാഴ്ച്ച കൊടുങ്ങല്ലൂർ അശോക തീയേറ്ററിൽ നടക്കും.