എം.സുരേഷ്ബാബു
തിരുവനന്തപുരം: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിന് പിന്നിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദം.
സത്യപ്രതിജ്ഞാചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിച്ചാൽ കേരളത്തിലെ പാർട്ടി പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും തെറ്റായ സന്ദേശം നൽകാൻ ഇടവരുമെന്നതിനാലാണ് സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിക്കാത്തതിന് കാരണം.
കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സർക്കാരിനെതിരെ നാളെ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനുള്ള തയാറെടുപ്പുമായി മുന്നോട്ട് പോകുകയാണ് കോണ്‍ഗ്രസും യുഡിഎഫും.
ഈ അവസരത്തിൽ കർണാടകത്തിൽ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പിണറായി വിജയൻ പങ്കെടുത്താൽ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ ശോഭ കെടുത്തുമെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനെയും കർണാടക പിസിസി നേതൃത്വത്തെയും അറിയിച്ചിരുന്നു.
കേരളത്തിൽ കോണ്‍ഗ്രസ് സർക്കാരിനെ വീണ്ട ും അധികാരത്തിലേക്ക് മടക്കി കൊണ്ട് വരാൻ ശ്രമിക്കുന്ന പാർട്ടി നേതാക്കളുടെയും അണികളുടെയും ആത്മവീര്യം കെടുത്താൻ ഇടയാക്കുമെന്നും കേരളാ നേതൃത്വം കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാൻഡ് ഭാരവാഹികളെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിരുന്നു.
പിണറായി വിജയനെ ക്ഷണിക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന രീതിയിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ടെ ന്ന് കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നു.
ബിജെപിയുടെ ആരോപണങ്ങൾ വരുന്ന ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസിനെ ഏറെ ബാധിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.
കർണാടക സർക്കാരിന്റെ സത്യാപ്രതിജ്ഞാചടങ്ങും പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽ സമരവും രാഷ്ട്രീയ കേരളം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.
കർണാടകയിലെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പിണറായിയെ ക്ഷണിച്ചാൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ മുനയൊടിയും.
കൂടാതെ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിന് മുന്നിലും മറുപടി പറയാനും ബുദ്ധിമുട്ടേണ്ട ിവരുമെന്ന ഉറച്ച ധാരണയുള്ളതിനാലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പിണറായിയെ ക്ഷണിക്കരുതെന്ന് ഹൈക്കമാൻഡിന് മുന്നിലേക്ക് ശക്തമായ സമ്മർദ്ദം ചെലുത്താൻ കാരണമായത്.
കൂടാതെ കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കേരള പിണറായി വിജയനെ കൂടാതെ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡി എന്നിവര്‍ക്കും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല.
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, പിഡിപിയുടെ മെഹബൂബ മുഫ്തി, സിപിഐയുടെ ഡി.രാജ, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.