പത്തനംതിട്ട: മകളുടെ പ്രണയത്തെ എതിർത്തതിന്റെ പേരിൽ കാമുകന്റെ മർദനമേറ്റ പിതാവിന്റെ ദുരുഹമരണത്തിൽ അന്വേഷണം തുടരുന്നു. ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ കുഴിയിൽ സജീവാണ് (55) ഇന്നലെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന സജീവിന് മാരകമായി ക്ഷതമേറ്റിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ മർദനവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ കേസ് നൽകിയിരുന്നില്ല. ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
സജീവിന്റെ മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യബസ് ഡ്രൈവറുമായ യുവാവ് മർദിച്ചുവെന്ന ആക്ഷേപമാണുണ്ടായത്. എന്നാൽ ഇതു സംബന്ധിച്ച പരാതി ലഭിക്കാത്തതിനാൽ സ്ഥിരീകരണമില്ലെന്ന് പോലീസ് പറയുന്നു. സംഘർഷം നടന്നതിന്റെ തെളിവുകളോ മൊഴിയോ പോലീസിനു ലഭിച്ചിട്ടുമില്ലത്രേ.
എന്നാൽ കഴിഞ്ഞ 27ന് സജീവിനെ ഭാര്യാവീട്ടിലെത്തിയ സംഘം ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പറയുന്നു. മകളുടെ പ്രണയവുമായി ബപ്പെട്ട വിഷയമായതിനാൽ പരാതി നൽകാൻ മടിച്ചു. മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാനാണ് ഗൾഫിലായിരുന്ന സജീവ് അവധിയെടുത്ത് നാട്ടിൽ വന്നത്. മകളെ ബന്ധത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ വാക്കുതർക്കമുണ്ടായി.
വീട്ടിലെത്തിയ യുവാവുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തിലാണ് കലാശിച്ചത്. ഇടപ്പരിയാരത്തെ വീട്ടിലെത്തിയ യുവാവ് സജീവിനെ അവിടെവച്ചും മർദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മർദനത്തേ തുടർന്ന് അവശനിലയിലായ സജീവ് കുഴഞ്ഞുവീഴുകയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് വൈക്കത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
ഇതേസമയം അച്ഛൻ മർദിച്ചുവെന്നാരോപിച്ച് മകളും കാമുകനും ചേർന്ന് ആറ·ുള പോലീസ് സ്റ്റേഷനിൽ സജീവിനെതിരെ പരാതി നൽകിയതായും പറയുന്നു. സജീവിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. സംസ്കാരം ഞായറാഴ്ച 11ന് ഇടപ്പരിയാരത്തെ വീട്ടുവളപ്പിൽ നടക്കും.