ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങിയ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കാറിടിച്ച് ദാരുണ മരണം. ആലപ്പുഴ നഗരസഭ സനാതനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാഹുൽ.ജി.കൃഷ്ണ-കാർത്തിക ദന്പതികളുടെ മകൾ ശിവാംഗി(പൊടി)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 നാണ് സംഭവം.
അമ്മ വീട്ടിൽ സന്ധ്യാവിളക്ക് കൊളുത്തുന്നതിനിടെ മുറ്റത്തായിരുന്ന കുട്ടി റോഡിലേക്ക് ഇഴഞ്ഞത് ആരു കണ്ടില്ല. പല വീടുകൾക്കായുള്ള ഒഴിഞ്ഞ ഇടുങ്ങിയ വഴിയാണ് ഇത്. വീടിന് മുന്നിൽ നല്ല വളവാണ്. സമീപത്തുള്ള വീട്ടിലെ കാർ ഈ വളിവ് തിരിഞ്ഞു വന്നപ്പോൾ കുട്ടിയുടെ ദേഹത്ത് തട്ടുകയായിരുന്നു.
കുട്ടി തെറിച്ചു വീഴുന്നത് കണ്ട് മാതാവ് ബഹളം വച്ചത് കേട്ട് ഓടിയെത്തിയ അയൽവാസികൾ അപകടമുണ്ടാക്കിയ അതേ കാറിൽ കുട്ടിയെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഓട്ടോറിക്ഷാ ഡ്രൈവറായ രാഹുലിനെ വീട്ടുടമയാണ് അപകടവിവരം അറിയിച്ചത്. മുന്‍പ് സപ്ലൈകോയിൽ താത്കാലിക ജീവനക്കാരിയായിരുന്നു കാർത്തിക. മൂന്നര വയസുള്ള ശികന്യയാണ് മറ്റൊരു മകൾ. കരളകംപാടത്തിന് സമീപവാസികളായ ദന്പതികൾ 18 മാസം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു.