വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും രാഹുൽ ഗാന്ധിയെയും കുറിച്ച് പരാമർശം.
ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ “എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിലാണ് ഇരുനേതാക്കളെയുംക്കുറിച്ച് പറയുന്നത്.
രാഹുൽ ഗാന്ധി മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയെന്നും ഒബാമ വിശേഷിപ്പിക്കുന്നു.
പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി രാഹുൽ ആഗ്രഹിക്കുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുലെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചു.
ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാൻഡ് എന്ന പുസ്തകം. വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമേ, യുഎസിലെ അടക്കം മറ്റ് നിരവധി നേതാക്കളെ ഒബാമ പരാമർശിക്കുന്നുണ്ട്.