സാധാരണയായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞുപോകുമ്പോള്‍ വൈറ്റ് ഹൗസിലെ തങ്ങളുടെ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ത്ത് പുസ്തകമാക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലം അമേരിക്കന്‍ ജനതയെ ഭരിച്ച ബറാക് ഒബാമയും വൈറ്റ് ഹൗസിലെ തന്റെ ഓര്‍മ്മകളും അനുഭവങ്ങളും കൂട്ടിചേര്‍ത്ത് ഒരു പുസ്തകമിറക്കി. അദ്ദേഹം തനിയെയല്ല പുസ്തകമിറക്കിയിരിക്കുന്നത്. ജീവിതപങ്കാളി മിഷേലും ചേര്‍ന്നാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും മിഷേലിന്റെയും വൈറ്റ് ഹൗസ് ഓര്‍മ്മകള്‍ക്ക് പ്രസാധകര്‍ നല്‍കിയിരിക്കുന്ന വിലയാണ് അതിശയകരം. 400 കോടി. പെന്‍ഗ്വിന്‍ റാന്‍ഡം ബുക്‌സ് ഹൗസാണ് റെക്കോര്‍ഡ് തുകയ്ക്ക് പുസ്തകം പ്രസിദ്ധീകരിക്കാമെന്നേറ്റിരിക്കുന്നത്.
ഒബാമയുടെയും, മിഷേലിന്റേതുമായി രണ്ടു പുസ്തകങ്ങള്‍ എത്തും. ഇവയുടെ ആഗോള പ്രസിദ്ധീകരണാവകാശം ആറുകോടി യുഎസ് ഡോളറിനാണ് (400കോടി) പെന്‍ഗ്വിന് നല്‍കിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തു വിട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ഓര്‍മ്മകുറിപ്പായ ‘മൈ ലൈഫ്’ നു നല്‍കിയ 1.5കോടി യുഎസ് ഡോളറായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക. ഇതിനേക്കാള്‍ അനേകമടങ്ങ് പ്രതിഫലത്തോടെയാണ് ഒബാമയുടേയും മിഷേലിന്റെയും പുസ്തകങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഒബാമയുടേയും മിഷേലിന്റെയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തങ്ങള്‍ക്കഭിമാനം മാത്രമെയുള്ളുവെന്നും കാരണം തങ്ങളുടെ വാക്കുകള്‍കൊണ്ട് ലോകത്തെ മാറ്റിമറിച്ചവരാണ് അവരെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഉടമ പറഞ്ഞു.