യുഎസിലെ പ്രഥമ പൗരനായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റ് കഴിയുമ്പോഴും ലോകം ഉറ്റുനോക്കുന്നത് വൈറ്റ് ഹൗസില്‍ നിന്ന് അധികാരമൊഴിഞ്ഞ് ഇറങ്ങുന്ന ബറാക്ക് ഒബാമയെയും കുടുംബത്തെയുമാണ്. അമേരിക്കയിലെ പ്രഥമ പൗരന്റെ ഭവനത്തില്‍ നിന്നും വാഷിങ്ടണ്‍ നഗരത്തിന് തൊട്ടടുത്തുള്ള വാടക വീട്ടിലേക്കാണ് ഒബാമ താമസം മാറുന്നത്. വാഷിങ്ടണ്‍ നഗരത്തിന്റെ തിരക്കില്‍ നിന്ന് മാറി വൈറ്റ്ഹൗസില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ അകലെ, കലോരമ എന്ന സ്ഥലത്തെ പ്രൗഢിയേറിയ വസതിയിലേക്കാണ് ഒബാമയും കുടുംബവും താമസം മാറ്റാനൊരുങ്ങുന്നത്.
ഒബാമ പലപ്പോഴും ആഗ്രഹിച്ചിരുന്നതു പോലെ ശാന്തമായ ഒരിടത്താണ് ഈ വീടുള്ളത്. 8200 ചതുരശ്രയടിയില്‍ എട്ടു കിടപ്പുമുറികളുള്ള ഈ വീട് 1928 ല്‍ നിര്‍മിച്ചതാണ്. പ്രസിഡന്റ് പദം ഒഴിഞ്ഞാലും മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിനാല്‍ തലസ്ഥാന നഗരം വിട്ടുപോവില്ലെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലാണ് ഒബാമയുടെ മകള്‍ സാഷയുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുന്നത്. അതുവരെ ചിക്കാഗോയില്‍ 6200 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതിയിലേക്ക് മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബില്‍ ക്ലിന്റന്റെ പ്രസ് സെക്രട്ടറിയും മുതിര്‍ന്ന ഉപദേശകനുമായ ജോ ലോക് ഹാര്‍ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊളോണിയല്‍ ശൈലിയിലുള്ളതും കൊട്ടാര സമാനവുമായ ഒബാമയുടെ പുതിയ വസതി.
പത്ത് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ മുറ്റവും മരത്തിന്റെ പാനല്‍ വിരിച്ച ഫ്‌ളോറും വെള്ള മാര്‍ബിള്‍ കൊണ്ടുള്ള ചുവരും ടെറസ് ഗാര്‍ഡനുമുള്ള ഈ വീടിന് 22000 ഡോളര്‍ (ഏകദേശം 15 ലക്ഷം രൂപ ) ആണ് മാസ വാടക നിശ്ചയിച്ചിട്ടുളളതെന്നാണ് അറിയുന്നത്. വീടിന് ഏകദേശം 4.8 മില്യണ്‍ ഡോളറര്‍ അതായത് 40 കോടി രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. മുകളിലെ മൂന്നു മുറികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. മിഷേലിന്റെ പ്രായമായ അമ്മയ്ക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. വുഡ്രോ വില്‍സണ്‍, വില്ല്യം ഹൊവാര്‍ഡ്, ഫ്രാങ്കഌന്‍ റൂസ്വെല്‍റ്റ്, എഡ്വാര്‍ഡ് എം. കെന്നഡി തുടങ്ങിയവരാണ് ഈ വീട്ടില്‍ താമസിച്ചിരുന്ന മറ്റ് പ്രമുഖര്‍.