ഇന്ത്യക്കാരിയുടെ കത്ത് പങ്കുവച്ച് ഒബാമയുടെ വനിതാദിനാഘോഷം! കത്ത് വായിച്ചപ്പോള്‍ മിഷേലിനെക്കുറിച്ച് അഭിമാനം തോന്നി; ഈ കത്ത് ഏവര്‍ക്കും പ്രചോദനമേകുന്നതെന്ന് ഒബാമ

6U6U6Uസ്ത്രീകളും സാധാരണക്കാരും മാത്രമല്ല, അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഭാര്യയും വരെ ആഘോഷിച്ചു, ലോകവനിതാദിനം. വനിതാദിനത്തില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒബാമ തനിക്ക് കിട്ടിയ ഒരു കത്ത് പങ്കുവയ്ക്കുകയുണ്ടായി. ആ കത്ത് വായിച്ച് ആളുകള്‍ അതിലെ ആശയം മനസിലാക്കണം എന്നതായിരുന്നു ഒബാമയുടെ ലക്ഷ്യം. ആ കത്തിനെ ഒബാമ അവതരിപ്പിച്ചതിങ്ങനെയാണ്, ‘ അവധിക്കാലം ആഘോഷിച്ച് ഞാനും മിഷേലും തിരിച്ചുവന്നപ്പോള്‍ സിന്ധു എന്ന യുവതിയെഴുതിയ ഒരു കുറിപ്പ് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കുറിപ്പ് വായിച്ചപ്പോള്‍ എനിക്കു മിഷേലിനെക്കുറിച്ച് അഭിമാനം തോന്നി. ഒരു യുവതിയുടെ ജീവിതത്തില്‍ മിഷേലിനുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റങ്ങളാണ് കുറിപ്പ് ലോകവുമായി പങ്കുവെയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്’ -ലോക വനിതാദിനത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കുവെച്ച പോസ്റ്റാണിത്.

ഇന്ത്യന്‍ വംശജയായ സിന്ധുവിന്റെ(38), ജീവിതത്തില്‍ മിഷേല്‍ ഒബാമയുണ്ടാക്കിയ സ്വാധീനത്തെയും മാറ്റത്തെയും കുറിച്ചാണ് കത്തില്‍പറഞ്ഞിരുന്നത്. 17-ാം വയസ്സിലാണ് ഒരു പള്ളിയില്‍ വച്ച് സിന്ധു ആദ്യമായി മിഷേലിനെ കാണുന്നത്. അവിടെ ഇരുവരും ധാരാളം സംസാരിച്ചു. മിഷേലിന്റെ പേരുപോലും ചോദിക്കാന്‍ സിന്ധു മറന്നുപോയി. തികച്ചും അപരിചിതയായ സ്ത്രീ മാത്രമായിരുന്നു അവര്‍. പക്ഷേ, അന്നത്തെ സംസാരം തന്റെ ജീവിതം തന്നെ  മാറ്റിമറിച്ചുവെന്നാണ് സിന്ധു കത്തില്‍ കുറിച്ചിരിക്കുന്നത്. തുടര്‍ന്ന് സിന്ധു ഒരു ആശുപത്രിയില്‍ സന്നദ്ധപ്രവര്‍ത്തകയായി. പിന്നീട് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ജീവിതം മാറ്റിമറിച്ച ആ ശക്തയായ വനിത അമേരിക്കയുടെ പ്രഥമവനിതയായിമാറിയ മിഷേല്‍ ഒബാമയാണെന്ന് അവരറിയുന്നത്. പ്രഥമവനിതയായിരുന്ന സമയത്തും സാധാരണക്കാരെപ്പോലെ സംസാരിക്കുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്ന മിഷേലിന്റെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ പ്രചോദനമാണെന്നുപറഞ്ഞാണ് സിന്ധു തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

Related posts