പൊണ്ണത്തടിയും അമിതവയറും മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കും ആപത്താണ്. മനുഷ്യര്‍ വീടുകളില്‍ വളര്‍ത്തുന്ന പട്ടികളും പൂച്ചകളും പൊണ്ണത്തടിയന്മാരാവുന്നത് പലപ്പോഴും നാം കാണാറുണ്ട്. എന്നാല്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ കുത്തിമറിഞ്ഞ് മരങ്ങളിലൂടെ പായുന്ന കുരങ്ങ് പൊണ്ണത്തടിയനാവുന്നത് ചിന്തിക്കാനൊക്കുമോ. എങ്കില്‍ അത് സത്യമാണ് ഇങ്ങനെയൊരു കുരങ്ങനുണ്ട്.
തായ്ലന്ഡിലെ ബാങ്കോക്കിലാണ് കുരങ്ങന്മാരിലെ അങ്കിള്‍ ബണ്‍ എന്നു വിളിക്കാവുന്ന പൊണ്ണത്തടിയന് കുരങ്ങിന്റെ വാസം. പൊണ്ണത്തടി മാത്രമല്ല അതിനൊത്ത വയറുമുണ്ട്. ഗര്‍ഭിണിയായ പെണ്‍കുരങ്ങിന്റെ വയറിന്റെ ഇരട്ടിയോളം വലിപ്പം വരുന്ന ഒന്നാന്തരം കുംഭ. നിലത്തുകൂടി ഇഴയുന്ന വയറുമൂലം ഫാറ്റി അങ്കിള്‍ എന്നാണ് പ്രദേശവാസികള്‍ ഇവനെ വിളിക്കുന്നത്.
വണ്ണവും വയറും കൂടിയതോടെ മരത്തില്‍ കയറുന്ന പരിപാടിയൊക്കെ കക്ഷി ഉപേക്ഷിച്ചു. അല്ലെങ്കില്‍ തന്നെ എങ്ങനെ കേറാന്‍. തറയിലിരുന്ന് ആവശ്യത്തിന് ശാപ്പാട് അടിയ്ക്കുകയാണ് ഇപ്പോള്‍ ഇവന്റെ ഹോബി. ആളുകള്‍ നല്കുന്ന കോളയും ജങ്ക് ഫുഡുമൊക്കെ കഴിച്ചാണ് ഇവന് ഇത്ര തടിവച്ചതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.
ഏതായാലും കുരങ്ങനെ പിടികൂടി അധികൃതര്‍ ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യമായ ഡയറ്റ് നോക്കി കുരങ്ങന്റെ വയറും അമിത ഭാരവും കുറയ്ക്കാനാണ് അധികൃതരുടെ ഉദ്ദേശം. ഈ അമിത ഭാരം മറ്റു രോഗങ്ങള്‍ക്കും ശത്രുക്കള്‍ക്ക് പെട്ടെന്ന് ഇരയാകുന്നതിനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ കുരങ്ങന്റെ ഭാരം കുറക്കേണ്ടതുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. 4 -6 മാസത്തെ ചികിത്സ കൊണ്ട് കുരങ്ങന്റെ ഭാരം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.