തുര്‍ക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നില്‍ക്കുന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്‌സ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. അഭയാര്‍ഥിബാലന് ഇതേ ജിംനേഷ്യത്തില്‍ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു.
സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാന്‍ ഇടയായി. തുടര്‍ന്ന് ഈ ബാലനെ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മില്‍ ആജിവനാന്ത അംഗത്വം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതര്‍ അവന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.