ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. തെറ്റായ ഭക്ഷണശീലങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഇതിനു കാരണമായി എടുത്തുപറയേണ്ടത്. വ്യായാമം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, മറ്റു ജനിതക ഘടകങ്ങൾ എന്നിവ അമിതവണ്ണത്തിനു കാരണമാകാം. ജീവിതശൈലി ക്രമീകരിക്കുക എന്നതാണ് ഇതിന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ആദ്യം വൈദ്യപരിശോധന
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരു വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതിനുശേഷമേഡയറ്റും വ്യായാമവും തുടങ്ങാവൂ.
ഡയറ്റിംഗ് എന്നാൽ ആഹാരം കഴിക്കാതിരിക്കലല്ല. ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ കഴിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് കിലോക്കണക്കിന് ഭാരം കുറയ്ക്കാമെന്ന മോഹന വാഗ്ദാനങ്ങളിൽ വീണുപോകരുത്.
ഒരു വ്യക്തിയുടെ പ്രായം, ശാരീരികാവസ്ഥ, ജോലി, ജീവിത സാഹചര്യങ്ങൾ, മറ്റ് രോഗങ്ങൾ എന്നിവ കണക്കിലെടുത്തുവേണം ഭക്ഷണ നിയന്ത്രണം. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് പരമപ്രധാനം.
ആഹാര ക്രമീകരണം എങ്ങനെ?
ഒരു ദിവസം വേണ്ട ഊർജത്തിന്റെ 45-60% വരെ കാർബോഹൈഡ്രേറ്റിൽ നിന്നാക്കണം. 20-30% വരെ കൊഴുപ്പും 10-20% പ്രോട്ടീനിൽ നിന്നുമാകണം. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, നാരു നീക്കാത്ത ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ എല്ലാം കൂടി ചേർന്ന ഒരു ഡയറ്റാണ് സമീകൃതം.
പഴങ്ങൾ
ദിവസം 150ഗ്രാം പഴങ്ങൾ കഴിക്കാം. ഗ്ളൈസീമിക് സൂചകം കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കണം. (ആപ്പിൾ, പേരയ്ക്ക, ഫാം പപ്പായ, നാരങ്ങാ വർഗങ്ങൾ, കിവി, പ്ലം, ബെറീസ്, മെലൻ, മാതളം എന്നിവ).
പഴങ്ങളിൽ ധാരാളം വിറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറച്ചുനിർത്താൻ
സഹായിക്കുകയും ചെയ്യുന്നു.
- (തുടരും)
- വിവരങ്ങൾ:
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.