പുൽപ്പള്ളി: ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ്. താമസ സൗകര്യം വേണം… ഇതും പറഞ്ഞ് നാലംഗ സംഘം എത്തിയപ്പോൾ വനംവകുപ്പുകാരും ചാടിയെണീറ്റു.
ഒന്നിനും കുറവുണ്ടാകാതെ നോക്കണമല്ലോ. അപ്പോൾ വന്നവർക്കു നിർബന്ധം വനംവകുപ്പിന്റെ വാച്ച് ടവറിൽത്തന്നെ താമസിക്കണം.
വിഐപികളല്ലേ വന്നിരിക്കുന്നത്, അങ്ങനെ വനംവകുപ്പുകാർ നാലംഗസംഘത്തിനായി വാച്ച് ടവർ തന്നെ തുറന്നുകൊടുത്തു.
ജൂലൈ 26നാണ് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനംവകുപ്പിന്റെ വാച്ച് ടവറിൽ നാലംഗസംഘം താമസത്തിനെത്തിയത്.
നാലു ദിവസം
ഒരു ദിവസമല്ല നാലു ദിവസം വനംവകുപ്പിന്റെ വാഹനത്തിൽ യാത്രയുൾപ്പടെ എല്ലാവിധ സൗകര്യങ്ങളോടെയും കൂടെ രാജകീയമായി തന്നെ താമസിച്ചു.
എന്നാൽ, വിഐപികൾ സ്ഥലംവിട്ടു കഴിഞ്ഞപ്പോഴാണ് വനംവകുപ്പിന് അവരുടെ ഇടപെടലിൽ സംശയം തോന്നിയത്. ഇതോടെ പരിശോധനയായി.
ഒടുവിൽ വ്യക്തമായി, അവർക്കു പ്രധാനമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല.
സംഭവം നാണക്കേട് ആയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജരേഖകൾ കാണിച്ചാണ് പ്രതികൾ കബളിപ്പിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ആൾമാറാട്ടം
ഇതോടെ വനംവകുപ്പ് പോലീസിൽ പരാതി നൽകി. താമസത്തിനെത്തിയവരുടെ ആധാർ വിവരങ്ങൾ കൈവശമുണ്ടായിരുന്നതാണ് വനംവകുപ്പിനു പിടിവള്ളിയായത്.
തിരുവനന്തപുരം റസൽപുരം സ്വദേശി പ്ലാവിള കടയറ പുത്തൻവീട് എ.ആർ. രാജേഷ് (38), കൊല്ലം ചെളിക്കുഴി പട്ടാഴി വടക്കേക്കര സ്വദേശി കൊക്കാട്ട് വടക്കേതിൽ പി. പ്രവീണ് (27) എന്നിവരാണ് അറസ്റ്റിലായത്.
പ്രത്യേക അന്വേഷണസംഘം പ്രതികളെ വീട്ടിലെത്തിയാണ് പിടികൂടിയത്. മറ്റ് പ്രതികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികൾ നൽകിയ ആധാർ കാർഡിലെ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. തട്ടിപ്പുസംഘമാണെന്നു മനസിലായതോടെ ഉദ്യോഗസ്ഥർ തന്നെ പോലീസിനെ നേരിട്ടു വിവരമറിയിക്കുകയായിരുന്നു.
എന്നാൽ, പ്രതികൾ ഈ സമയം വയനാട് ജില്ല കടന്നിരുന്നു. കുപ്പാടിയിലെ റിസോർട്ടിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ബത്തേരി പോലീസ് താക്കീത് നൽകി വിട്ടയച്ചവരാണ് നാലുപേരും.
ഇവർ എന്തിനാണ് വനമേഖലയിൽ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
മറ്റ് പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നും ഇവർ പിടിയിലായാൽ മാത്രമേ ഇത്തരത്തിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാവുകയുള്ളുവെന്നു പോലീസ് പറഞ്ഞു.
പുൽപ്പള്ളി സിഐ പി.എൽ. ഷൈജു, എസ്ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇതിനിടെ, നാലംഗ സംഘത്തിനു വനത്തിലെ വാച്ച് ടവറിൽ താമസ സൗകര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരേ വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.