ബിജു ഇത്തിത്തറ
കടുത്തുരുത്തി: പതിമൂന്നാം വയസിൽ വിവാഹം. 59 വർഷത്തെ ദാന്പത്യം. പതിനെട്ട് മക്കളുമായി ഏവർക്കും അത്ഭുതമായ മറിയക്കുട്ടി 98-ാം വയസിൽ ദൈവസന്നിധിയിലേക്ക് മടങ്ങി. കടുത്തുരുത്തി അരുണാശേരിൽ പരേതനായ തൊമ്മൻ കുര്യാക്കോയുടെ ഭാര്യ മറിയക്കുട്ടി കുര്യാക്കോസാണ് ഇന്നലെ ഉച്ചയോടെ ഇഹലോകവാസം വെടിഞ്ഞത്.
മക്കളിൽ ഒരാൾ വൈദികനും രണ്ടു പേർ കന്യാസ്ത്രീകളുമാണ്. ഭർത്താവ് തൊമ്മൻ കുര്യാക്കോയുടെ മരണം 26 വർഷം മുന്പ് 81-ാം വയസിലായിരുന്നു. മറിയക്കുട്ടിയെ വിവാഹം കഴിക്കുന്പോൾ 20 വയസായിരുന്നു തൊമ്മൻ കുര്യാക്കോയുടെ പ്രായം. ഇടക്കാരൻ മുഖേനയായിരുന്നു ഇവരുടെ വിവാഹം. വൈക്കം ആച്ചോത്ത് കുടുംബാംഗമായിരുന്നു മറിയക്കുട്ടി.
വിവാഹത്തിനായി കടുത്തുരുത്തി കടവിൽ വള്ളത്തിലെത്തിയ ശേഷം വധുവും ബന്ധുക്കളും നടന്നാണ് മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിലെത്തിയത്. കർഷക കുടുംബമായിരുന്നു ഇരുവരുടേതും. വിവാഹത്തിനു ശേഷം കൃഷിപ്പണികൾ ചെയ്താണ് ഇരുവരും കുടുംബം പുലർത്തിയത്. കുടുംബത്തിലെ മക്കളിൽ ആദ്യമുണ്ടായവർ പഠിച്ചു ജോലി നേടിയതോടെ ഇവരുടെ സഹായത്തോടെ മറ്റുള്ളവരെയും വളർത്തി വലുതാക്കി.
വിവാഹത്തിനു ശേഷം മുന്നാം വർഷമായിരുന്നു ആദ്യത്തെ കുഞ്ഞ് ഉണ്ടായത്. ആദ്യത്തെ മൂന്നുപേരും പെണ്കുട്ടികളായിരുന്നു. നാലാമതായി ജനിച്ചത് തൊമ്മച്ചനായിരുന്നു. 15-മത്തെ വയസിൽ അപകടത്തിൽപ്പെട്ട് തൊമ്മച്ചൻ മരിച്ചു.
മറിയാമ്മ, എ.കെ. മാത്യു (എക്സ് സർവീസ്), റോസമ്മ, ലൈസാമ്മ, സിസ്റ്റർ സൈന സിഎംസി (മദർ സുപ്പീരിയർ കർമലീത്താ മഠം, രാമപുരം), ജോസഫ് (റിട്ട. എസ്ഐ), പൗലോസ് (റിട്ട. എസ്ഐ), ബേബിച്ചൻ, അന്പിളി, സിസ്റ്റർ ജീന സിഎംസി (ഛത്തീസ്ഗഢ്), ടോമി (എക്സ് സർവീസ്), രാജു (റബർ മാർക്ക് കാപ്പുന്തല), ഫാ.സോണി അരുണാശേരിൽ എസ്ഡിബി (മുനിഗുഡ, ഒഡീഷ), സലിൻ (എക്സ് സർവീസ്), ഡെലിൻ, ദന്പതികൾക്ക് ആദ്യമുണ്ടായ കുഞ്ഞന്നമ്മയും രണ്ടാമത്തെ മകൾ തെയ്യാമ്മയും പരേതരാണ്.
മരുമക്കൾ- പാപ്പച്ചൻ പുന്നിലത്തിൽ മുട്ടുചിറ, ഏലിയാമ്മ (റിട്ട. അധ്യാപിക), കുര്യാച്ചൻ പെരിയപ്പുറത്ത് തുരുത്തേൽ (മുളക്കുളം), സേവ്യർ അറക്കത്താഴം (ഉദയംപേരൂർ), ബീന, ഗ്രാൻസി (റിട്ട. അധ്യാപിക), റോസിലി, അപ്പച്ചൻ കിഴക്കേമഠത്തിപ്പറന്പിൽ (വൈക്കം), കുഞ്ഞമ്മ (നഴ്സ്, രാജസ്ഥാൻ), റീന രാജു (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷൈനി (നഴ്സ്), താര, പരേതരായ കുഞ്ഞപ്പൻ പുളിവേലിൽ (തലയോലപ്പറന്പ്), വക്കച്ചൻ ഇടശേരിൽ (വൈക്കം). സംസ്കാരം നാളെ രാവിലെ 9.30ന് മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനാ പള്ളിയിൽ.