സ്വന്തം ലേഖകൻ
കൊച്ചി: നാലുപേർക്കു പുതുജീവനേകി നഴ്സ് നിബിയ കണ്ണീരോർമയായി. ഓഗസ്റ്റിൽ കല്യാണപ്പന്തൽ ഉയരേണ്ട കരിന്പനയ്ക്കൽ വീട്ടിൽ ദുഃഖം തളംകെട്ടുന്പോഴും നിബിയയുടെ അവയവദാനം ബന്ധുക്കളിലും നാട്ടുകാരിലും ആശ്വാസം നിറയ്ക്കുകയാണ്. കഴിഞ്ഞ 10നു പെരുന്പാവൂർ മാറന്പിള്ളിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി കരിന്പനയ്ക്കൽ ജോസഫ് ചാക്കോയുടെ (ബേബി-52) മകൾ നിബിയ മേരി ജോസഫ് (25) ആണ് നാലു പേർക്കു പുതുജീവനേകി ഇന്നലെ മരണത്തിനു കീഴടങ്ങിയത്.
ഗുരുതര പരിക്കുകളോടെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ നിബിയയ്ക്കു മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മനുഷ്യജീവന്റെ മഹത്വം മനസിലാക്കി ബന്ധുക്കൾ നിബിയയുടെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു.
ഹൃദയവും ഒരു കിഡ്നിയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു രോഗികൾക്കായും രണ്ടാമത്തെ കിഡ്നിയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിക്കും കരൾ ആസ്റ്റർ മെഡിസിറ്റിയിലും ഒരു നേത്രപടലം എറണാകുളം കടവന്ത്ര ഗിരിധർ ആശുപത്രിക്കുമാണു ദാനം ചെയ്തത്.
മസ്കറ്റിൽ ജോലി നോക്കുന്ന ചെങ്ങന്നൂർ സ്വദേശിയുമായി ഓഗസ്റ്റിൽ വിവാഹം ഉറപ്പിച്ചിരിക്കേയാണു നിബിയ അപടത്തിൽപ്പെടുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള യാത്രയിലായിരുന്നു അപകടം. വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിനായി രണ്ടു കാറുകളിലായി കുടുംബ സമേതം എറണാകുളത്തിനായിരുന്നു യാത്ര. സഹോദരൻ നിതിൻ ഓടിച്ചിരുന്ന വാഗണ്‍ ആർ കാറിൽ മുന്നിൽ പിതാവ് ജോസഫും നിബിയ പിൻസീറ്റിലുമായിരുന്നു ഇരുന്നിരുന്നത്.
പിന്നാലെ മറ്റൊരു കാറിൽ അമ്മ നിർമലയും ഇളയ സഹോദരി നിലീന ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു.
വാഗണ്‍ ആർ കാറിന്റെ പിന്നിലേക്ക് അമിത വേഗത്തിലെത്തിയ ഐ ടെൻ കാർ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഗണ്‍ ആർ കാർ എതിരേ വന്ന സ്കൂൾ ബസിലേക്കു പാഞ്ഞുകയറുകയായിരുന്നു അപകടം. സ്ഥലത്തുവച്ചുതന്നെ ജോസഫ് മരിച്ചു. എവർഗ്രീൻ എന്റർപ്രൈസസ് ഉടമയാണ് ഇദ്ദേഹം. പരിക്കേറ്റ നിബിയയെയും സഹോദരൻ നിതിനെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ആസ്റ്ററിലേക്കു മാറ്റുകയായിരുന്നു.
നിതിൻ ഇപ്പോഴും ആസ്റ്റർ മെഡിസിറ്റിൽ ഐസിയുവിൽ കഴിയുകയാണ്. മേൽനടപടികൾക്കുശേഷം നിബിയയുടെ മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം ഇന്നു വൈകുന്നേരം നാലരയ്ക്കു പഴയകൊച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ.
സജീവ് സുഖം പ്രാപിച്ചു വരുന്നു
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചങ്ങനാശേരി നാലുകോടി ചെറുപേഴിൽ ഗോപിയുടെ മകൻ സജീവ് (30) സുഖം പ്രാപിച്ചു വരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി കരിന്പനയ്ക്കൽ നിബിയ മേരി ജോസഫിന്റെ (25) ഹൃദയമാണ് സജീവിൽ തുടിക്കുന്നത്.
രോഗിയുടെ ആരോഗ്യ നില പൂർണ തൃപ്തികരമെന്ന് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ടി.കെ. ജയകുമാർ അറിയിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി രോഗി കിടക്കുന്ന വെന്റിലേറ്റർ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മേധാവി ഡോ.ടി.കെ.ജയകുമാറിനല്ലാതെ മറ്റാർക്കും പ്രവേശനമില്ല. ഇക്കാര്യത്തിൽ കർക്കശ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് പൊടിയരിക്കഞ്ഞി കൊടുക്കുമെന്നും ഡോക്ടർ അറിയിച്ചു. ഉടനെ തന്നെ കാർഡിയോളജി വിഭാഗത്തിലെ ഒരു ടീം ഡോക്ടർമാർ സജീവിനെ പരിശോധിക്കും. ആരോഗ്യം പൂർണ തൃപ്തികരമെങ്കിൽ വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റും.
കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്തക്രിയ വിഭാഗത്തിൽ നടത്തുന്ന അഞ്ചാമത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. എറണാകുളം കളമശേരിയിൽ ലെയ്ത്ത് ഷോപ്പിലെ ജീവനക്കാരനാണ് സജീവ്. അഞ്ചു വർഷമായി തിരുവല്ല, പുഷ്പഗിരി, കൊച്ചിയിലെ അമൃത, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒന്നര വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജയപ്രസാദിന്റെ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പല തവണ ഹൃദയം ലഭ്യമായെങ്കിലും ഗ്രൂപ്പ് അനുയോജ്യമല്ലാത്തതിനാൽ തിരസ്കരിച്ചു. അങ്ങനെയിരിക്കെയാണ് ഇന്നലെ ഹൃദയം ലഭിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച ഹൃദയം സജീവിൽ തുന്നിച്ചേർക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്നു.