കൊച്ചി: കൊച്ചി നഗരത്തിലെ ഇടപ്പള്ളി ഒബ്റോണ്‍ മാളില്‍ ഇന്നലെ അഗ്നിബാധയുണ്ടായി, ആളപായമില്ല. രാവിലെ 11.30ഓടെ മാളിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഫുഡ്കോര്ട്ടിലാണ് തീപിടിത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിലെ തന്തൂരി ചിക്കന്‍ അടുപ്പിലെ തീ സമീപത്ത് പറ്റിപ്പിടിച്ചിരുന്ന എണ്ണപാളിയിലേക്ക് പടര്‍ന്നതിനെത്തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മാളിനും ഇവിടുത്തെ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കിയിട്ടില്ല.
എട്ട് ഫുഡ്കോര്‍ട്ടുകളാണ് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നടുവിലത്തെ ഫുഡ്കോര്ട്ടിലാണ് ആദ്യം തീപിടിച്ചത്. അടുക്കളയിലെ തെര്‍മോകോള്‍ സീലിംഗിലേക്കും തീ പടര്‍ന്നതോടെ കനത്ത പുക നാലാം നിലയില്‍ വ്യാപിച്ചു. പിന്നീട് മാളിന്റെ എല്ലാ നിലകളിലേക്കും പുക വ്യാപിച്ചതോടെ പലര്‍ക്കും ശ്വാസതടസം നേരിട്ടു. തീപിടിത്തമുണ്ടായപ്പോള്‍ നാല് തിയറ്ററുകളില്‍ ഉള്‍പ്പെടെ മാളില്‍ മൂവായിരത്തോളം ആളുകളുണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. സംഭവമറിഞ്ഞ് ബൈപ്പാസിലും പരിസരത്തും ജനക്കൂട്ടം തിങ്ങിനിറഞ്ഞു.
അടുക്കളയില്‍ തീപടര്‍ന്നതോടെ അവിടുത്തെ അഗ്നി ശമന സംവിധാനമുപയോഗിച്ച് തീ കെടുത്താന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
അടുക്കളയില്‍ മാത്രം തീകെടുത്താനുള്ള ജലസംവിധാനം (ഓട്ടോമാറ്റിക് സ്പ്രിംഗ്ലര്‍) ഇല്ലാതിരുന്നത് തിരിച്ചടിയായി. ഇതു നാശനഷ്ടം കൂട്ടാൻ കാരണമായി. തൃക്കാക്കരയില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്.
ഫുഡ്കോര്‍ട്ടിലെ മറ്റ് സാമഗ്രികള്‍ക്ക് നാശമുണ്ടായിട്ടില്ല. എണ്ണയും തെര്‍മോകോളും കത്തി കനത്ത പുക വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
നാലാം നിലയുടെ പിന്നിൽ രക്ഷാമാര്ഗത്തിലുള്ള മൂന്ന് ഗ്ലാസുകള്‍ പൊട്ടിച്ചാണ് പുക പുറത്തേക്ക് വിട്ടത്. മാളിന്റെ ഏറ്റവും മുകളിലെ ഡോമിന്റെ ഗ്ലാസും പൊട്ടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പുക പൂര്‍ണമായും ഒഴിവാക്കാനായി. മറ്റ് നിലകളിലുണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച് പരിശോധന നടത്തും.
തീ കണ്ടയുടൻ സെക്യൂരിറ്റി ജീവനക്കാര്‍ മാളിലുണ്ടായിരുന്ന സന്ദര്‍ശകരെയും ജീവനക്കാരെയും പുറത്തെത്തിച്ചിരുന്നു. ഫുഡ്കോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് മള്‍ട്ടിപ്ലെക്സ് തിയറ്റുകളില്‍ നിന്നു 1200ഓളം പേരെയും സുരക്ഷിതമായി മാറ്റി.
തീപിടിത്തമുണ്ടായി പത്തു മിനിറ്റിനുള്ളില്‍ തന്നെ മാളില്‍ നിന്നും എല്ലാവരെയും ഒഴിപ്പിക്കാന്‍ സാധിച്ചു.
മാളിലെ മറ്റ് നിലകളിലെ അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതും തീപടരുന്നത് തടഞ്ഞു. മാളിന്റെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും നിമി ഷങ്ങൾക്കം മാറ്റി. തിയറ്ററുകളും കുട്ടികള്‍ക്കുള്ള കളിസ്ഥലവുമാണ് നാലാം നിലയില്‍ ഫുട്കോര്‍ട്ടുകള്‍ കൂടാതെ പ്രവര്‍ത്തിക്കുന്നത്.
എറണാകുളം എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പോലീസും അഗ്നിരക്ഷാ സേനാ ഡിവിഷണല്‍ ഓഫീസര്‍ ആര് പ്രസാദ്, അസി. ഡിവിഷണല്‍ ഓഫീസര്‍ വി. സിദ്ധകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സേനാംഗങ്ങളും തീയണയ്ക്കാന്‍ നേതൃത്വം നല്കി. എറണാകുളം റേഞ്ച് ഐജി പി. വിജയന്, കമ്മീഷണര്‍ എം.പി. ദിനേശ്, ഡിസിപി യതീഷ് ചന്ദ്ര, മേയര്‍ സൗമിനി ജെയിന് സ്റ്റാന്‍ഡിംഗ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.