സീതത്തോട്: ആങ്ങമൂഴി കിളിയെറിഞ്ഞാൻകൊല്ല് ചെക്ക്പോസ്റ്റിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് അരുവിയിൽ കണ്ടെത്തിയ കുട്ടിയാന വനപാലകരുടെ സംരക്ഷണയിൽ.
കുട്ടിയാനയെ കാടുകയറ്റാനുള്ള ശ്രമം പരാജയപ്പെടുകയും തള്ളയാന തിരക്കി എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടിയാനയ്ക്ക് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനു സമീപം പ്രത്യേക കൂട് ഒരുക്കി വനപാലകർ സംരക്ഷണം നൽകുകയാണ്.
തേവർ എന്ന ഓമനപ്പേരും ആനയ്ക്കു നൽകിയിട്ടുണ്ട്. തേവർമല വനത്തിൽ നിന്നു ലഭിച്ചതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾ ഇവിടെ താമസിപ്പിച്ച് പരിചരണം നൽകിയശേഷം കോന്നി ആനക്കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം.
ഒന്നരവയസുള്ള കുട്ടിക്കൊന്പനെയാണ് അരുവിയിലെ വെള്ളച്ചാട്ടത്തിൽ നിന്നു വനപാലകർ രക്ഷിച്ചു സംരക്ഷിക്കുന്നത്.
വനത്തിൽ ആനത്താരയിൽ കുട്ടിക്കൊന്പനു താത്കാലിക കൂടൊരുക്കി ഒരു രാത്രി താമസിപ്പിച്ചിരുന്നു.
കാട്ടാനക്കൂട്ടം കൂട് തകർത്ത് കുട്ടിയാനയെ വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകർ. എന്നാൽ കാട്ടാനക്കൂട്ടം എത്തിയെങ്കിലും കുട്ടിക്കൊന്പനെ ഒപ്പം കൂട്ടാൻ തയാറായില്ല.
തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൊച്ചുകോയിക്കൽ സ്റ്റേഷനു സമീപത്തേക്ക് ആനയെ കൊണ്ടുവന്നു.
ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എസ്. മണിയുടെ നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റേഞ്ചർ മനോജ്, റാന്നി ഡെപ്യൂട്ടി റേഞ്ചർ മനോജ്, റാന്നി ദ്രുതകർമസേന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജി. റൗഷാദ് എന്നിവരടങ്ങിയ സംഘമാ ണ് കുട്ടിയാനയെ കൊച്ചുകോയിക്കലിലെത്തിച്ച് സംരക്ഷണം നൽകിയത്.
ആനയ്ക്കു പ്രത്യേക ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
കോന്നി വെറ്ററിനറി സർജൻ ഡോ.ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചു.
കുട്ടിയാനയുടെ ആരോഗ്യനില സുരക്ഷിതമെന്ന് ഉറപ്പാക്കി കോന്നി ആനത്താവളത്തിലേക്ക് മാറ്റും.