കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘പാഠം ഒന്ന് ഒച്ച്’ സമഗ്ര കർമപരിപാടിക്കു തുടക്കമായി. ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു.
ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു പിടിക്കുന്ന രീതിയുടെ അവതരണവും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തി.
ഇന്നു മുതൽ 31 വരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കും.
ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, പാടശേഖരസമിതികൾ, കർഷക സംഘങ്ങൾ, എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ച കാലം കൊണ്ട് ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുകയാണു ലക്ഷ്യമിടുന്നത്.
ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്ത ശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും.
തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു വെള്ളത്തിൽ (ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ്) ഇട്ടു നശിപ്പിക്കും. ചത്ത ഒച്ചുകളെ പ്രദേശത്തുതന്നെ കുഴികളിലിട്ടു മൂടും.
വൈകുന്നേരങ്ങളിൽ കെണിവയ്ക്കുകയും രാത്രിയിൽ തന്നെ കുഴിച്ചുമൂടുകയും ചെയ്യും. ഇപ്രകാരം ഒരാഴ്ചക്കാലം ജില്ലയിലുടനീളം ഒച്ചുകളെ നശിപ്പിക്കും.
താറാവുകളെ വളർത്തുന്നതാണ് മറ്റൊരു പ്രധാന ജൈവ നിയന്ത്രണ മാർഗം. ആഫ്രിക്കൻ ഒച്ചുകൾ താറാവുകളുടെ ഇഷ്ട ഭക്ഷണമാണ്.