കടുത്തുരുത്തി: കൃഷിക്കും മനുഷ്യർക്കും ഭീഷണിയായ ആഫ്രിക്കൻ ഒച്ചിനെ കടുത്തുരുത്തി മേഖലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശ്ശേരി പ്രദേശത്താണ് ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. വെള്ളാശേരി ചെന്നക്കുടിയിൽ ജോസിന്റെ അഞ്ച് ഏക്കർ സ്ഥലത്താണ് ഇവയെ ആദ്യം കണ്ടത്. പിന്നീട് കർഷകനായ ക്രിസ്റ്റഫർ വില്ലയിൽ ടോമിന്റെ പുരയിടത്തിലും ഒച്ചുകളെ കൂട്ടത്തോടെ കണ്ടെത്തി.
ഇപ്പോൾ സമീപത്തെ പല വീടുകളിലും പുരയിടങ്ങളിലും ഒച്ചുകളുടെ ശല്യം വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. ആപ്പാഞ്ചിറ തോട്ടിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഒച്ചുകളുടെ സാന്നിധ്യം പ്രദേശത്ത് കാണാൻ തുടങ്ങിയത്. പകൽ സമയത്ത് കാര്യമായി കാണപ്പെടാത്ത ഒച്ചുകൾ രാത്രിയിലാണ് ഭക്ഷണം ശേഖരിക്കുന്നതിനായി പുറത്തിറങ്ങുന്നത്.
ഇവ ക്രമാതീതമായി പെരുകുന്നത് പ്രദേശത്തെ വാഴ, ചേന, കപ്പളം, മാവ്, പ്ലാവ് തുടങ്ങിയ കൃഷികൾക്കെല്ലാം ഭീഷണിയാണ്. സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം ഇല ഒച്ചുകൾ തിന്നൊടുക്കുന്നത് വ്യാപകമായ വിളനാശത്തിന് കാരണമാകുന്നുണ്ട്. ഈ വിളകൾ ഭക്ഷിക്കുന്ന മനുഷ്യരിലേക്കും വളർത്ത് മൃഗങ്ങളിലേക്കും രോഗം പരക്കാനുള്ള സാധ്യതയുമുണ്ട്. തോട്, കുളം എന്നിവയോട് ചേർന്ന പുരയിടങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ടത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കടുത്തുരുത്തി മേഖലയിൽ ആദ്യമായിട്ടാണ് ഇവ കാണപെടുന്നത്. സംഭവം ശ്രദ്ധയിൽപെട്ടയുടൻ തന്നെ കടുത്തുരുത്തി കൃഷി ഓഫീസർ ആഷ്ലി മാത്യൂസ്, കൃഷി അസിസ്റ്റന്റുമാരായ ബിനോയി, സജുകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇവയെ നിയന്ത്രിക്കാനായില്ലെങ്കിൽ വൻ പ്രതിസന്ധിയിലേക്ക് കാർഷിക മേഖല എത്തുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ.
ആഫ്രിക്കൻ ഒച്ചുകളെ തുരുത്താൻ കൃഷി വകുപ്പ് പലതരത്തിലുള്ള പരിഹാരങ്ങളാണ് നിർദേശിക്കുന്നത്. വീടിന്റെ പരിസരത്തും കൃഷിയിടങ്ങളിലും അഴുകുന്ന വസ്തുകൾ കൂട്ടിയിടാതിരിക്കുക, സൂര്യപ്രകാശവും കാറ്റും കടന്ന് ചെല്ലാൻ അനുവദിക്കുക, സാധാരണ ഒച്ചുകളുടെ ക്രമാതീതമായ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ആറ് ശതമാനം വീര്യത്തിലുള്ള തുരിശ് ലായനി, പുകയിലക്കഷായം ചേർത്ത് തളിക്കുകയോ, കീടനാശിനി തളിച്ച സ്ഥലത്ത് അഴുകിയ കാബേജിന്റെ ഇതളുകളോ, അഴുകിയ പപ്പായ ഇലകളോ ഭൂമി നിരപ്പിന് താഴെ ഒരു പാത്രത്തിൽ ഇട്ട് വച്ചാൽ ഇവയെ ആകർഷിച്ച് പിടിച്ച് നശിപ്പിക്കാം.
കൂടാതെ കാബേജിന് പകരം ബിയർ ഒഴിച്ചും കെണി തയാറാക്കാം. കൃഷിയിടത്തിന്റെ അതിരുകളിലും വിളകൾക്കിടയിലുള്ള സ്ഥലത്തും ബ്ലീച്ചിംഗ് പൗഡറോ കുമ്മായമോ വിതറുന്നതും വിളകളിൽ വീഴാതെ ഉപ്പ് ലായനി തളിക്കുന്നതും നല്ലതാണ്. ഒച്ചുകളെയും സ്ലഗുകളെയും കൊല്ലാൻ ഉപയോഗിക്കുന്ന മീതൈൽ പാരത്തയോണ് അടങ്ങിയ മൊള്യൂസി സൈഡ് (മെറ്റാൽഡിഹൈഡ്) കീടനാശിനി നേരിട്ട് തളിക്കുകയും ചെയ്യാം.