സ്വന്തം ലേഖകൻ
തൃശൂർ: കോടന്നൂർ പുള്ള് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്പോൾ അധികം ദൂരെയല്ലാത്ത തൃശൂർ നഗരത്തിലും ഭീതി പടരുന്നു. തൃശൂർ നഗരത്തിലും സമീപത്തും ആഫ്രിക്കൻ ഒച്ചുകൾ പെരുകിയതിനെതുടർന്ന് ഏറെ പാടുപെട്ടാണ് പ്രതിരോധ-നശീകരണ പ്രവർത്തനങ്ങൾ വഴി ഇവയെ തുരത്തിയത്. 2017ൽ തൃശൂർ നഗരത്തിൽ ആഫ്രിക്കൻ ഒച്ചുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ ചേർപ്പ്, കോടന്നൂർ, ശാസ്താംകടവ്, താണിക്കമുനയം മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രളയത്തിനു മുന്പേ തന്നെ ഇവയെ ഈ മേഖലയിൽ കണ്ടിരുന്നതായി പരിസരവാസികൾ പറയുന്നു. പ്രളയാനന്തരം ഒരു വർഷമാകുന്പോഴാണ് ഇവയുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരിക്കുന്നത്.
ഈ ഭാഗത്തെ പച്ചക്കറിത്തൈകളും വാഴയുമെല്ലാം ഇവയുടെ ആക്രമണത്താൽ നശിച്ചുതുടങ്ങിയതോടെ പ്രതിരോധ-നശീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തുതുടങ്ങി. പ്രദേശത്തെ വീടുകളുടെ അകത്തേക്ക് ഇവ കയറി ത്തുടങ്ങിയിട്ടില്ലെങ്കിലും വീടുകളുടെയെല്ലാം മതിലിൽ വൻതോതിലാണ് ഇവ പറ്റിപ്പിടിച്ചിരിക്കുന്നത്.
സൂര്യാസ്തമനത്തിനുശേഷം ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞാണ് ഇവ പുറത്തുവരുക. സൂര്യപ്രകാശത്തിൽ ഇവ പുറത്തുവരാതെ ഒളിച്ചിരിക്കുകയാണ് ചെയ്യുക. പെട്ടെന്ന് ഇവയെ നിയന്ത്രിക്കുക എളുപ്പമല്ലെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ ചെറുക്കാനാണ് ശ്രമം. പുള്ള് മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. കാർഷിക സർവകലാശാലയടക്കമുള്ളിടത്തെ വിദഗ്ധർ ബോധവത്കരണ പ്രവർത്തനങ്ങളും നശീകരണ മാർഗങ്ങളും നൽകുന്നുണ്ട്.
തൃശൂരിന്റെ ഭീതി
2017ൽ തൃശൂർ നഗരത്തിൽ പൂങ്കുന്നം മേഖലയിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യമുണ്ടായത്. പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്പോൾ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. എന്നാൽ വളരെ പെട്ടെന്ന് ഇവ പെരുകി. സ്റ്റേഷൻ പരിസരത്തെ വീടുകളിലേക്ക് ഇവ കയറിയതോടെ പ്രശ്നം ഗുരുതരമായി.
അസഹ്യമായ ദുർഗന്ധമായിരുന്നു. കോർപറേഷൻ ആരോഗ്യവിഭാഗവും കേരള വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരും കാർഷിക സർവകലാശാലയിലെ വിദഗ്ധരുമെല്ലാം നാട്ടുകാരുടെകൂടി സഹകരണത്തോടെ ഇവയെ ഇല്ലാതാക്കാൻ ഏറെ പാടുപെട്ടു. കൂടുതലിടങ്ങളിലേക്ക് ഇവ പടരാതിരുന്നതു ഭാഗ്യം കൊണ്ടുമാത്രമാണ്.
കേരളത്തിലെ പല സ്ഥലങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ പ്രശ്നമുണ്ടായിരുന്നുവെങ്കിലും തൃശൂർ ജില്ല അതിൽനിന്നും മുക്തമായിരുന്നു. പക്ഷേ, ഇപ്പോൾ തൃശൂർ ജില്ലയും ഇവയുടെ താവളമായി.
സൂക്ഷിക്കുക
കൊച്ചുകുട്ടികളെ ആഫ്രിക്കൻ ഒച്ചുകളുടെ പരിസരത്തുനിന്നും മാറ്റിനിർത്തണമെന്ന് വിദഗ്ധർ പറയുന്നു. ഒച്ചുകളിൽ കാണുന്ന ചിലയിനം വിരകൾ കുട്ടികളുടെ ശരീരത്തിനകത്തെത്തിയാൽ അപകടകാരിയാകുമത്രെ.