കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ ദേശീയ ഉത്സവം എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. വൃശ്ചികം ഒന്നുമുതല്‍ പന്ത്രണ്ട് വരെയാണ് ഉത്സവം പടനിലത്ത് നടക്കുക.
വൃശ്ചികോത്സവത്തിന്റെ പ്രധാന ചടങ്ങ് വ്രതശുദ്ധിയോടുള്ള ഭജനം പാര്‍ക്കലാണ്. ഇതിനായുള്ള കുടിലുകളുടെ നിർമാണം പുർത്തിയായി വരുന്നു.
സാധാരണ കുടിലുകള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയും സ്പെഷല്‍ കുടിലുകള്‍ക്ക് മൂവായിരംരൂപയുമാണ് ഈടാക്കുന്നത്. കുടിലുകള്‍ ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.വശങ്ങളിലും മുകളിലും ഷീറ്റ് പാകി ജിഐ പൈപ്പുകളില്‍ ബലപ്പെടുത്തിയ കുടിലുകളാണ് നിര്‍മിക്കുന്നത്. ആയിരം കുടിലുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ആവിശ്യമെങ്കില്‍ കൂടുതല്‍ നിര്‍മിക്കാനും തീരുമാനമായിട്ടുണ്ട്.
വെട്ട്കണ്ടം, തകിടിക്കണ്ടം എന്നിവയുടെ വശങ്ങളില് ഇക്കുറി കുടിലുകള്‍ കെട്ടുകയില്ല. കുടിലുകളില്‍നിന്നും മാലിന്യങ്ങളും മറ്റും ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത് ഇല്ലാതാക്കാനാണ് ഈതീരുമാനം. വെട്ടുകണ്ടം, തകിടിക്കണ്ടം എന്നിവയുടെ വശങ്ങള് വേലികെട്ടി സംരക്ഷിക്കും. ഇവിടേക്ക് ഇറങ്ങാന്‍ ആരെയും അനുവദിയ്ക്കില്ല. കുടിലുകള്‍ക്ക് പുറമെ ഓംകാര സത്രത്തിലെ നൂറ്റി രണ്ട് മുറികള്‍, പഴയ സത്രത്തിലെ മുപ്പത്തി എട്ട്മുറികള്, ഗസ്റ്റ് ഹൗസിലെ പന്ത്രണ്ട്മുറികളും ഭക്തര്‍ക്കായി നല്‍കും.
ഓംകാര സത്രത്തിലെ സിംഗിള്‍ മുറികള്‍ക്ക് മുപ്പതിനായിരം രൂപയും ഡബിള്‍ മുറികള്‍ക്ക് നാല് പതിനായിരംരൂപയും, ഡോമട്രി ബഡ് ഒന്നിന് പതിനായിരം രൂപയുമാണ് ഈടാക്കുന്നത്. പഴയ സത്രത്തിലെ സാധാരണ മുറികള്‍ക്ക് പതിനയ്യായിരം രൂപയും സ്പെഷല്‍ മുറികള്‍ക്ക് ഇരുപതിനായിരം രൂപയും എസി ഉള്‍പ്പെടെയുള്ള ഗസ്റ്റ് ഹൗസിലെ മുറികള്‍ക്ക് നാല്പതിനായിരം രൂപയുമാണ് ഈടാക്കുന്നത്.
ഓംകാര സത്രം, പഴയ സത്രം, ഗസ്റ്റ് ഹൗസ് എന്നിവടങ്ങളിലെ മുറികളില്‍ ഭൂരിഭാഗവും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ഭജനം പാര്‍ക്കാന്‍ കുടിലുകള്‍ ആവശ്യപ്പെടുന്ന എല്ലാ ഭക്തര്‍ക്കും കുടിലുകള്‍ ലഭ്യമാക്കാനുള്ള തീരുമാനം ക്ഷേത്ര ഭരണസമിതി എടുത്തിട്ടുണ്ടെന്ന് സെക്രട്ടറി കെ. ഗോപിനാഥനും പ്രസിഡന്റ് പ്രഫ. എ. ശ്രീധരന്‍പിള്ളയും അറിയിച്ചു.