കൊല്ലം:കായംകുളം റൂട്ടിൽ ഓച്ചിറ ജംഗ്ഷനിൽ കൂടി കടന്നു പോകുന്ന ഭൂരിപക്ഷം ഓർഡിനറി സർവീസുകളേയും സ്പെഷ്യൽ സർവീസ് എന്ന് പേരുമാറ്റി സർവീസ് നടത്തുന്ന കെഎസ്ആർടിസി ജനങ്ങളെ കൊള്ളലാഭത്തിനു വേണ്ടി ചൂഷണം ചെയ്യുകയാണ്.
ഓച്ചിറ വഴി കടന്നു പോകുന്ന കൊല്ലത്തിനും കായംകുളത്തിനും ഇടയ്ക്കുള്ള ദേശീയപാതയിലെ ഭൂരിപക്ഷം ഓർഡിനറി ബസുകളിലും സ്പെഷ്യൽ സർവീസ് എന്നു ബോർഡ് വെച്ചാണ് വൃശ്ചികം 1 മുതൽ 12 വിളക്കു ദിവസം വരെ സർവീസ് നടത്തുന്നത്. കൊല്ലത്തിനും കായംകുളത്തിനും ഇടയ്ക്കുള്ള എല്ലാ യാത്രക്കാരും കെഎസ്ആർടിസിയുടെ ചൂഷണത്തിന് ഇരയാവുകയാണ്. ഈ സ്പെഷ്യൽ സർവീസിൽ കയറുന്ന എല്ലാ യാത്രക്കാരും മിനിമം ടിക്കറ്റ് ചാർജ് 11 രൂപ നൽകണം.
കൊല്ലത്തു നിന്നും ഓച്ചിറ വഴി കായംകുളത്തിനു പോകുന്ന ബസിൽ കയറി കളക്ട്രേറ്റിനു സമീപം ഇറങ്ങണമെങ്കിൽ സാധാരണ നിലയ്ക്കുള്ള 8 രൂപ ടിക്കറ്റ് എടുത്താൽ പോരാ. എന്നാൽ സ്പെഷൽ ബസിൽ 11 രൂപ യുടെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ്. കൊല്ലത്തിനും കായംകുളത്തിനും ഇടയ്ക്ക്ദേശീയപാത നാഷണലൈസ് റൂട്ട് എന്ന പേരിൽ കെഎസ്ആർടിസിയുടെ മാത്രം കുത്തകയാണ് അതിനാൽ സ്വകാര്യ ബസ് സർവീസ് പൂർണമായും നടത്താൻ പാടില്ല എന്നാണ് നിയമം .
അതിനാൽ ദേശീയപാതയിൽ ചവറമുതൽ കെഎസ്ആർടിസി മാത്രമെ ആശ്രയമുള്ളു. ഈ അവസരം മുതലാക്കിയാണ് കെഎസ്ആർടിസി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. മിനിമം ടിക്കറ്റിന് 11 രൂപ നൽകേണ്ട അവസ്ഥയാണ്. മറ്റ് നിരക്കുകളെയും ഇത് ആനുപാതികമായി ബാധിക്കും.
15 രൂപ ടിക്കറ്റിന് മുകളിൽ 1 രൂപയും 25 നു മുകളിൽ 2 രൂപയും സെസ് ഏർപ്പെടുത്തി ജനങ്ങളെ പിഴിയുന്നതു കൂടാതെയാണ് മിനിമം ചാർജ് 8 ൽ നിന്നും 11 രൂപയാക്കിയുള്ളത്. സ്പെഷ്യൽ സർവീസിന്റെ മറവിലുള്ള പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് മഹാത്മാഗാന്ധി സാംസ്കാരിക സമിതി ഭാരവാഹികളായ സജീവ് പരിശവിള, അഡ്വ.എം.ജി. ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.