തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി പൊതുജനങ്ങളിൽനിന്നു സഹായം സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരിനോടു പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടും.
ഇതിനായി മുഖ്യമന്ത്രി ഇന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽനിന്ന് ഒരാൾക്കു മാനദണ്ഡം നോക്കാതെ ഫിഷറീസ് വകുപ്പിൽ ജോലി നൽകും. കൂടാതെ, മരിച്ച കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരാഴ്ച 2,000 രൂപ നൽകാനുള്ള തീരുമാനം ഇന്നു മുതൽ നടപ്പിലാക്കുമെന്നും ഇതു 2,500 രൂപയായി കൂട്ടണമെന്ന സർവകക്ഷി യോഗത്തിലെ ആവശ്യം സർക്കാർ പരിശോധിക്കുമെന്നും യോഗത്തിനു ശേഷം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കേന്ദ്രത്തിന് അനുഭാവമില്ല
മത്സ്യബന്ധനത്തിനു പോയ 96 പേർകൂടി ഇനി തിരിച്ചുവരാനുണ്ട്. ഇവരുടെ ഫോട്ടോ സഹിതമുള്ള കണക്കു സർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ, തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കുമായി പൊരു ത്തപ്പെടുന്നില്ലെന്നു മന്ത്രി പറഞ്ഞു. കേരളത്തിൽനിന്നു സർവകക്ഷിസംഘം ഡൽഹിക്കു പോകണമെന്നു യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, കേന്ദ്രത്തിൽനിന്ന് ഇതുവരെയും സംസ്ഥാനത്തിന് അനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടാകാത്തതിനാൽ സർവകക്ഷി സംഘം തത്കാലം പോകേണ്ടതില്ലെന്നു തീരുമാനിച്ചു.
ഓഖി ചുഴലിക്കാറ്റു വീശുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പു സംസ്ഥാനത്തിനു ലഭിച്ചിട്ടും വേണ്ട മുൻകരുതലെടുത്തില്ലെന്ന വിമർശനം സർവകക്ഷി യോഗത്തിൽ ഉണ്ടായി. എന്നാൽ, ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളായതിനാൽ ഇനി അക്കാര്യത്തെക്കുറിച്ചു സംസാരിച്ചിട്ടു കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ നിലപാടിനോടു യോജിച്ചു. മരിച്ച കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപ അപര്യാപ്തമാണെന്നും അത് 25 ലക്ഷമായി ഉയർത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, തുക വർധിപ്പിക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേന്ദ്ര പാക്കേജിനായി പദ്ധതി തയാറാക്കാൻ മന്ത്രിമാരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഇടതുമുന്നണി കണ്വീനർ വൈക്കം വിശ്വൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എംപി.മാരായ ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, എംഎൽഎമാരായ എ.കെ. ശശീന്ദ്രൻ, ഒ. രാജഗോപാൽ, കോവൂർ കുഞ്ഞുമോൻ, നേതാക്കളായ കെ.എസ്. ഹംസ ജമീല പ്രകാശം, എ.എ. അസീസ്, വർഗീസ് ജോർജ് എന്നിവരും പങ്കെടുത്തു.