കൊല്ലം: ചുഴലിക്കൊടുങ്കാറ്റിൽപെട്ട് ഇതര സംസ്ഥാനങ്ങളിലെത്തിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര , ഗോവ എന്നിവിടങ്ങളിലാണ് രക്ഷപെട്ടവരുള്ളത്. ആശുപത്രികളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായമാണ് ആദ്യം നൽകുക. പിന്നീട് അവരുടെ വിശദാംശങ്ങൾ, ബോട്ടുകൾക്കുണ്ട ായ നാശനഷ്ടം, സാന്പത്തിക നഷ്ടം എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തും.
ഗുജറാത്തിൽ തീരവികസന കോർപറേഷൻ എം. ഡി. ഡോ. കെ. അന്പാടി (9846310773), മഹാരാഷ്ട്രയിൽ നിഫാം ഡയറക്ടർ ഡോ. ദിനേശ് (9400497160,8547870160), കർണാടക, ഗോവ എന്നിവടങ്ങളിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ കെ. കെ. സതീഷ്കുമാർ (9446033895,9496007024), ലക്ഷദ്വീപിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. എസ്. സാജു. (9496007030) എന്നിവരെയാണ് നിയോഗിച്ചത്.
ഗുജറാത്തിലെ വെരാവൽ, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, രത്നഗിരി, കർണാടകയിലെ മാൾപ്പെ, കാർവാർ, വാസ്കോ പോർട്ട് എന്നിവയ്ക്കൊപ്പം മറ്റു തുറമുഖങ്ങളിലും സംഘത്തിന്റെ സേവനമുണ്ടാകും.
ഇതര സംസ്ഥാനങ്ങളിലുള്ളവരെ തിരികെ എത്തിക്കുന്നതിന് നേവിയുടെ സതേണ്‍ കമാൻഡിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൊച്ചി കേന്ദ്രീകരിച്ച് പുതിയ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. റവന്യു – ആരോഗ്യ വകുപ്പകളുടെയും കോസ്റ്റൽ പോലീസിന്റെയും നിയന്ത്രണത്തിലാണ് കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.