ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം മുതൽ നിർമിതബുദ്ധിയുടെ അധിനിവേശം വരെയുള്ള കാരണങ്ങളാൽ ഭൂഗോളത്തിൽ നിലനിൽപ് ഭീഷണി നേരിടുന്ന ജീവികളിൽ മനുഷ്യനും ഉൾപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്.
ഇതിനെയൊക്കെ അതിജീവിക്കാനുള്ള ഗവേഷണങ്ങളും മറ്റു പ്രവർത്തനങ്ങളും നടക്കുന്പോൾ ശാസ്ത്രലോകം സ്വയം ചോദിച്ച് ഉത്തരം തേടുന്ന ഒരു ചോദ്യം ഉണ്ട്. മനുഷ്യനു വംശനാശം സംഭവിച്ചാൽ ഏതു ജീവിവർഗമാകും ഭൂമിയിൽ ആധിപത്യം നേടുക?
ഗവേഷകർ വിവിധ ജീവികളുടെ പേരുകൾ പറയുന്പോഴും “നീരാളി’യാണ് ഒന്നാമതുള്ളത്. ബുദ്ധിശക്തിക്കു പേരുകേട്ട ഈ കടൽജീവിക്ക് ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനാകും.
സങ്കീർണമായ നാഡീവ്യൂഹം, പ്രശ്നപരിഹാര ശേഷി, ഗ്രഹിക്കാനും നവീകരണത്തിനുമുള്ള കഴിവ് തുടങ്ങിയവ മറ്റെല്ലാ മൃഗങ്ങളിൽനിന്നു നീരാളിയെ വ്യത്യസ്തമാക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ടിം കോൾസൺ പറയുന്നു.
ആഴക്കടൽ മുതൽ തീരപ്രദേശങ്ങൾ വരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ അഭിവൃദ്ധി പ്രാപിക്കാനും നീരാളിക്കു കഴിയുമെന്നു കോൾസൺ പറഞ്ഞു.